ഐഎസ്‌എല്ലില്‍ കിരീടപ്പോര്‌ ; എടികെ ബഗാന്‍-ബംഗളൂരു ഫെെനല്‍ ഗോവയില്‍

0
102

എസ്‌എല്‍ ഫുട്ബോള്‍ കിരീടത്തിനായി എടികെ മോഹന്‍ ബഗാനും ബംഗളൂരു എഫ്സിയും ഇന്ന് ഏറ്റുമുട്ടുന്നു.

ഗോവയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. സെമിയില്‍ നിലവിലെ ചാമ്ബ്യന്‍മാരായ ഹൈദരാബാദ് എഫ്സിയെ ഷൂട്ടൗട്ടില്‍ മറികടന്നായിരുന്നു എടികെ ബഗാന്റെ സെമി പ്രവേശം. ഷീല്‍ഡ് ജേതാക്കളായ മുംബൈ സിറ്റിയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ബംഗളൂരുവിന്റെ മുന്നേറ്റം. പട്ടികയില്‍ മൂന്നാംസ്ഥാനത്തെത്തിയ എടികെ ബഗാന്‍ പ്ലേ ഓഫില്‍ ഒഡിഷ എഫ്സിയെ ആധികാരികമായി മറികടന്നു. ബംഗളൂരു വിവാദ ഗോളില്‍ കേരള ബ്ലാസ്റ്റേഴ്സിനെയും കീഴടക്കി. പട്ടികയില്‍ നാലാമതായിരുന്നു ബംഗളൂരു.

സീസണില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത സംഘമാണ് ബംഗളൂരുവിന്റേത്. ഗ്രൂപ്പുഘട്ടത്തില്‍ തുടക്കംപതറിയ ടീം അവസാന എട്ട് കളിയില്‍ തുടര്‍ജയങ്ങള്‍ നേടി. എടികെ ബഗാനെതിരെ ഒരു ജയവും തോല്‍വിയുമാണ് സീസണില്‍. ആദ്യം ഏറ്റുമുട്ടുമ്ബോള്‍ തുടര്‍ത്തോല്‍വികളില്‍ വലയുകയായിരുന്നു ബംഗളൂരു. സ്വന്തം തട്ടകത്തില്‍ തോറ്റു. എന്നാല്‍, കൊല്‍ക്കത്തയില്‍ ജയംനേടി പകരംവീട്ടി. പ്ലേ ഓഫിലും സെമി ആദ്യപാദത്തിലും നിര്‍ണായക ഗോളുകള്‍ നേടിയ സുനില്‍ ഛേത്രിയാണ് ബംഗളൂരുവിന്റെ കരുത്ത്. പല മത്സരങ്ങളിലും പകരക്കാരനായാണ് ഛേത്രി കളത്തിലെത്തിയത്.

മധ്യനിരയില്‍ ഹാവിയെര്‍ ഹെര്‍ണാണ്ടസാണ് കളി നിയന്ത്രിക്കുന്നത്. മുന്നേറ്റത്തില്‍ റോയ് കൃഷ്ണയും ശിവശക്തി നാരായണനും. സന്ദേശ് ജിങ്കനും അലന്‍ കോസ്റ്റയും നയിക്കുന്ന പ്രതിരോധം മികച്ചതാണ്. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത്സിങ് സന്ധുവിന്റെ പ്രകടനവും നിര്‍ണായകമാകും.
2018–-19 സീസണില്‍ ബംഗളൂരു ചാമ്ബ്യന്‍മാരായിട്ടുണ്ട്. സൈമണ്‍ ഗ്രയ്സനാണ് പരിശീലകന്‍.

എടികെ മൂന്നുതവണ ചാമ്ബ്യന്‍മാരായിട്ടുണ്ട്. ഇതില്‍ രണ്ടുതവണ അത്ലറ്റികോ ഡി കൊല്‍ക്കത്ത എന്ന പേരിലായിരുന്നു. ഒരുതവണ എടികെയായും. എടികെ മോഹന്‍ ബഗാനായശേഷം രണ്ടാംതവണയാണ് ഫൈനലില്‍ എത്തുന്നത്. കാള്‍ മക്ഹ്യൂഗ്, ദിമിത്രി പെട്രറ്റോസ്, ഹ്യൂഗോ ബൗമസ് എന്നീ വിദേശ താരങ്ങളാണ് എടികെ ബഗാനെ മുന്നോട്ടുനയിച്ചത്. പ്രത്യാക്രമണത്തിലൂടെ ഗോളടിക്കാന്‍ മിടുക്കര്‍. ആശിഷ് റായ്, ബ്രണ്ടന്‍ ഹാമില്‍ എന്നിവരുള്‍പ്പെട്ട പ്രതിരോധം ശക്തമാണ്. വിശാല്‍ കെയ്ത്താണ് ഗോള്‍കീപ്പര്‍. മലയാളിതാരം ആഷിഖ് കുരുണിയന്‍ ടീമിലുണ്ട്. യുവാന്‍ ഫെര്‍ണാണ്ടോയാണ് പരിശീലകന്‍.

LEAVE A REPLY

Please enter your comment!
Please enter your name here