തിരുവനന്തപുരം: മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ 94ാം ജന്മദിനമാണ് ഇന്ന്. ആത്മദർശനത്തിന്റെയും മനുഷ്യസ്നേഹത്തിൻറെയും മഹാഗാഥകളെന്നാണ് അക്കിത്തത്തിന്റെ കവിതകൾ അറിയപെടുന്നത്. എം.ടിയ്ക്കും ഇടശ്ശേരിക്കുമൊപ്പം പ്രതിഭയുടെ പൊന്നാനിക്കളരിയിൽ അക്കിത്തത്തിനും ഒരിടമുണ്ട്. മലയാളത്തിന് ചൊല്ലാൻ ഒരുപാട് കവിതകൾ ബാക്കിയാക്കിയാണ് അദ്ദേഹം കാലയവനികയിലേക്ക് മറഞ്ഞത്.
“ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവിലൊരായിരം സൗരമണ്ഡലം
ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായ് ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു നിത്യ നിർമല പൗർണമി”- നിരന്തര ഉള്ളുരുക്കത്തിൽ നിന്നുതിരുന്ന കണ്ണീരിൻ്റെയും പുഞ്ചിരിയുടെയും ചാരിതാർത്ഥ്യത്തിൻ്റെയും കവിതകളാണ് അക്കിത്തത്തിന്റേത്. ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസകാരനാണ് അദ്ദേഹം. രണ്ടു നൂറ്റാണ്ടുകളുടെ കാഴ്ചകളെ കവിതകളാക്കിയ മനുഷ്യസ്നേഹി.
കവിത, ചെറുകഥ, നാടകം, വിവർത്തനം ലേഖനസമാഹാരം അടക്കം അൻപതോളം കൃതികൾ. മലയാളത്തിൽ നിന് ഏറ്റവും ഒടുവിൽ ജ്ഞാനപീഠം തൊട്ട കവി.ക്ഷേത്ര മതിലുകളിൽ കരിക്കട്ട കൊണ്ട് കുത്തിക്കുറിച്ച് തുടങ്ങിയ കവിതയുടെ ഒഴിയാബാധ. മഹാകാവ്യങ്ങളൊന്നുന്നു പോലും എഴുതിയില്ലെങ്കിലും അക്കിത്തം മഹാകവിയായി. വാക്കുകൾക്ക് മൂർച്ചയേറുമ്പോഴും കാലിനടിയിൽ പറ്റിയ നാട്ടു മണ്ണെന്ന പോൽ വരികളെ കാവ്യാത്മകവുമാക്കി കവി. യോഗക്ഷേമസഭയിലൂടെ സമുദായിക പരിഷ്കരണാശയങ്ങളും കവിയുടെ കവിതകൾക്ക് മഷിയായി. അതിരില്ലാത്ത കാൽപനികതയിൽ നിന്ന് അകന്നു നിൽക്കുമ്പോളും സ്നേഹത്തിലെ തീജ്വാല അദ് ദേഹം കാണാതിരുന്നില്ല.
തുടക്കത്തിൽ കമ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായിരുന കവി പിന്നീട് കവിതകളിലൂടെ തന്നെ ഇവയെ നിരാകരിക്കുന്നതും കണ്ടു. അവസാന നാളുകളിൽ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ നിലപാടുകൾ ഏറെ വിമർശിക്കപ്പെട്ടു. എന്നാൽ താൻ ഒരു കൊടിമര ചോടിൻ്റെയും തണൽ തേടുന്നില്ലെന്ന് കവി ആവർത്തിച്ചു. 2020 ഒക്ടോബർ 15ന് അക്ഷരങ്ങൾ ബാക്കിയാക്കി അദ്ദേഹം മറഞ്ഞെങ്കിലും മനുഷ്യസ്നേഹത്തിന്റെയും കരുണയുടെയും ലോകത്താണ് താനെന്ന് നിരന്തരം സാക്ഷ്യപ്പെടുത്തുന്നു എട്ടു പതിറ്റാണ്ടിൻ്റെ കവിത്വം.