ജോലിക്ക് ഭൂമി അഴിമതി; ലാലു പ്രസാദ് യാദവിനെയും മകളേയും അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്ത് സിബിഐ

0
98

ദില്ലി: ജോലിക്ക് ഭൂമി അഴിമതി കേസില്‍ ലാലു പ്രസാദ് യാദവിനെയും മകള്‍ മിസ ഭാരതിയേയും സിബിഐ ചോദ്യം ചെയ്തു. മിസ ഭാരതിയുടെ ദില്ലിയിലെ വസതിയില്‍ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ലാലുപ്രസാദ് യാദവ് വിശ്രമിക്കുകയാണ് എന്നറിയിച്ചിട്ടും, അപേക്ഷ സിബിഐ പരിഗണിച്ചില്ല. ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് നടന്ന ഗ്രൂപ്പ് ഡി നിയമനങ്ങളിലാണ് അന്വേഷണം നടക്കുന്നത്.

2004 മുതല്‍ 2009വരെ പല സംസ്ഥാനങ്ങളിലായി നടന്ന നിയമനങ്ങളെ കുറിച്ച് ലാലുവിനോട് സിബിഐ വിവരങ്ങള്‍ തേടി. നിയമനങ്ങള്‍ക്ക് പ്രത്യുപകാരമായി കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ചുളുവിലക്ക് കൈപ്പറ്റിയെന്ന ആക്ഷേപം ലാലു നിഷേധിച്ചു. നിയമന രേഖകള്‍ പരിശോധിച്ച ശേഷമാണ് സിബിഐ സംഘം ലാലുവിനെയും മകളേയും അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തത്. ഇടപാടുകളിലെ മിസ ഭാരതിയുടെ പങ്കും സിബിഐ പരിശോധിച്ചു.

അന്വേഷണങ്ങളുടെ പേരില്‍ രോഗിയാണെന്ന പരിഗണന പോലും നല്‍കാതെ പിതാവിനെ നിരന്തരം ബുദ്ധിമുട്ടിക്കുകയാണെന്നും ക്രൂരത ഒരിക്കലും പൊറുക്കില്ലെന്നും ലാലുവിന്‍റെ മറ്റൊരു മകള്‍ രോഹിണി ആചാര്യ ട്വീറ്റ് ചെയ്തു. എന്നാല്‍ ആരോഗ്യാവസ്ഥ പരിഗണിച്ച് ലാലുവിന് ബുദ്ധിമുട്ടുണ്ടാക്കാതെയാണ് ചോദ്യം ചെയ്തതെന്ന് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയലില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ഡിസംബറിലാണ് ലാലുവിന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. വിശ്രമിക്കുന്ന ലാലുവിനെ ബുദ്ധിമുട്ടിക്കരുതെന്ന് കുടംബത്തിന് പുറമെ ചില പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ആവശ്യപ്പെട്ടിരുന്നു.

അന്വേഷണ ഏജന്‍സികളെ കയറൂരി വിടരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച 8 പ്രതിപക്ഷ പാര്‍ട്ടികളില്‍ ആര്‍ജെഡിയുമുണ്ടായിരുന്നു. എന്നാല്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് സിബിഐയുടെ നടപടി. ഇന്നലെ ലാലുപ്രസാദ് യാദവിന്‍റെ ഭാര്യ റാബറി ദേവിയേയും സിബിഐ ചോദ്യം ചെയ്തിരുന്നു. മക്കളായ മിസ ഭാരതി, ഹേമ എന്നിവരെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാനാണ് സിബിഐ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here