ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട ഇലക്ട്രിക് വാഹനങ്ങൾക്കായി നിലവിലുള്ള ബാറ്ററികൾക്ക് സമാനമായ സോളിഡ്-സ്‌റ്റേറ്റ് ബാറ്ററി നിർമ്മിക്കാൻ ഒരുങ്ങുകയാണ്. ഇക്കാര്യത്തിൽ കമ്പനി ലക്ഷ്യത്തിലേക്ക് വളരെ അടുത്ത് എത്തിയിരിക്കുന്നു. ടൊയോട്ടയുടെ ഈ പുതിയ ബാറ്ററി റേഞ്ചിലും ചാർജിംഗിലും നിലവിലുള്ള ബാറ്ററികളേക്കാൾ ഏറെ മെച്ചപ്പെട്ടതായിരിക്കും. എല്ലാം ശരിയായി വരികയാണെങ്കിൽ സോളിഡ്-സ്‌റ്റേറ്റ് ബാറ്ററികളുടെ വൻതോതിലുള്ള ഉത്പാദനം 2027 അല്ലെങ്കിൽ 2028ഓടെ ആരംഭിക്കാനാകും എന്നാണ് കരുതുന്നത്. ഈ ബാറ്ററികളുടെ വിലയും വലുപ്പവും പകുതിയായി കുറയ്ക്കാൻ കഴിയുന്ന ഒരു നാഴികക്കല്ല് അടുത്തെത്തിയതായി ടൊയോട്ട അടുത്തിടെ പറഞ്ഞിരുന്നു.
ഈ സോളിഡ്-സ്‌റ്റേറ്റ് ബാറ്ററികൾ ഇവിയുടെ റേഞ്ച് 1,200 കിലോമീറ്ററായി വർദ്ധിപ്പിക്കുമെന്നും ചാർജിംഗ് സമയം 10 മിനിറ്റോ അതിൽ താഴെയോ ആക്കി കുറയ്ക്കുമെന്നും പറയപ്പെടുന്നു. സോളിഡ്-സ്‌റ്റേറ്റ് ബാറ്ററികളുടെ വൻതോതിലുള്ള ഉൽപ്പാദനത്തിനായി ജപ്പാനിലെ പ്രമുഖ എണ്ണക്കമ്പനിയായ ഐഡെമിറ്റ്സുവുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞ ആഴ്‌ച ടൊയോട്ട തീരുമാനിച്ചിരുന്നു.ടൊയോട്ടയെ സംബന്ധിച്ചിടത്തോളം ഈ കരാർ വളരെ പ്രധാനമാണ്, കാരണം ടെസ്‌ല, ബിൽഡ് യുവർ ഡ്രീം (BYD) പോലുള്ള കമ്പനികളെ പരാജയപ്പെടുത്താൻ ടൊയോട്ട പദ്ധതിയിടുന്നു. എന്നാൽ ഹൈബ്രിഡ് കാറുകൾ കാരണം, ടൊയോട്ട ഇലക്ട്രിക് കാർ വിപണിയിൽ ഈ രണ്ട് ബ്രാൻഡുകളേക്കാൾ പിന്നിലാണ്. നിലവിൽ, ലോകമെമ്പാടുമുള്ള ഇലക്‌ട്രിക് വാഹനങ്ങളിൽ ലിഥിയം-അയൺ ബാറ്ററികളാണ് ഉപയോഗിക്കുന്നത്, ലിഥിയം വിലയേറിയ പദാർത്ഥമാണ്, മാത്രമല്ല അതിന്റെ ലഭ്യതയും പരിമിതമാണ്, അതിനാൽ ബാറ്ററികളുടെ വിലയിലും അത് സ്വാധീനം ചെലുത്തുന്നു.
പേര് സൂചിപ്പിക്കുന്നത് പോലെ, സോളിഡ്-സ്‌റ്റേറ്റ് ബാറ്ററിയിൽ (എസ്എസ്ബി) ഉപയോഗിക്കുന്ന എല്ലാ ഘടകങ്ങളും സോളിഡ് സ്‌റ്റേറ്റിലാണ്. സോളിഡ്-സ്‌റ്റേറ്റ് ബാറ്ററികൾ ഒരു കാഥോഡ്, ആനോഡ്, സോളിഡ് ഇലക്ട്രോലൈറ്റ് എന്നിവ ചേർന്നതാണ്. ലിക്വിഡ് ഇലക്ട്രോലൈറ്റ് ഉപയോഗിക്കുന്ന ലിഥിയം അയൺ ബാറ്ററികളിൽ നിന്ന് ഇത് തികച്ചും വ്യത്യസ്‌തമാണ്. ലിഥിയം ബാറ്ററികൾ ദ്രാവക ഇലക്ട്രോലൈറ്റുകൾ കൊണ്ട് നിർമ്മിച്ചതിനാൽ വലുതാവൽ, ചോർച്ച അല്ലെങ്കിൽ മറ്റ് തരത്തിലുള്ള കേടുപാടുകൾക്ക് വിധേയമാണ്. ഇവയിൽ തീപിടിക്കാനുള്ള സാധ്യതയും ഏറെയാണ്.എന്നാൽ സോളിഡ് ഇലക്ട്രോലൈറ്റ് ഉള്ള സോളിഡ്-സ്‌റ്റേറ്റ് ബാറ്ററിയിൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല. അവയുടെ ദൃഢമായ ഘടന സ്ഥിരത വർദ്ധിപ്പിക്കുക മാത്രമല്ല, അവ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെയോ വാഹനങ്ങളുടെയോ സുരക്ഷയും മെച്ചപ്പെടുത്തുന്നു. സോളിഡ് സ്‌റ്റേറ്റ് ബാറ്ററികൾക്ക് കേടുപാടുകൾ സംഭവിച്ചാലും അവ ഒരു ദോഷവും വരുത്തുന്നില്ല.