ഭൂമിയുടെ നിലനില്‍പ്പെന്നാല്‍ മനുഷ്യന്‍റെ മാത്രം നിലനില്‍പ്പല്ല. അങ്ങനെയൊരു മനുഷ്യന് മാത്രമായി ഈ ഭൂഖത്ത് ഒരു നിലനില്‍പ്പ് ഉണ്ടാവുകയില്ലെന്ന കാര്യം പകല്‍ പോലെ വ്യക്തവുമാണ്. എന്നാല്‍, മനുഷ്യന്‍ തന്‍റെ നൈമിഷിക ആവശ്യങ്ങള്‍ക്കായി സ്വന്തം ചുറ്റുപാടുകളില്‍ സൃഷ്ടിക്കുന്ന കൈ കടത്തല്‍ സര്‍വ്വനാശത്തിലേക്കുള്ള വേഗം കൂട്ടുമെന്നതിനാലാണ് നിയമ പിന്തുണയോടെയും മറ്റും ചില നിയന്ത്രണങ്ങള്‍ മനുഷ്യന്‍ തന്നെ സൃഷ്ടിച്ചത്. എന്നാല്‍, നിമയം മൂലമുള്ള നിയന്ത്രണം കൊണ്ട് മാത്രം കാര്യമില്ല. ജനങ്ങളില്‍ അതിനെ കുറിച്ചുള്ള അവബോധം കൂടി രൂപപ്പെടുത്തുമ്പോഴേ നിയന്ത്രണങ്ങളും നിയമങ്ങളും കുറച്ചെങ്കിലും ഫലപ്രാപ്തിയിലേക്ക് ഉയരുന്നൊള്ളൂ. ഇത്തരമൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഇന്ന്. ലോക വന്യജീവി ദിനം.
1973 ല്‍ നടന്ന വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും സസ്യജാലങ്ങളുടെയും അന്തർദ്ദേശീയ വ്യാപാരത്തെക്കുറിച്ചുള്ള കൺവെൻഷനിലാണ് ആദ്യമായി മാര്‍ച്ച് 3 വന്യജീവി ദിനമായി തെരഞ്ഞെടുത്തത്. 2013 ഡിസംബർ 20 ന്, നടന്ന കണ്‍വെന്‍ഷനില്‍ ലോകത്തിലെ വന്യമൃഗങ്ങളെയും സസ്യജാലങ്ങളെയും കുറിച്ച് മനുഷ്യനില്‍ അവബോധം വളർത്തുന്നതിനെ കുറിച്ചുള്ള നിര്‍ദ്ദേശം തായ്‍ലന്‍റാണ് മുന്നോട്ട് വച്ചത്. ഇതേ തുടര്‍ന്ന് മാർച്ച് 3, ലോക വന്യജീവി ദിനമായി ഐക്യരാഷ്ട്ര പൊതുസഭ പ്രഖ്യാപിച്ചു. പിന്നീടിങ്ങോട്ടുള്ള ഓരോ വന്യജീവി വാരാഘോഷവും ഓരോ പ്രത്യേക വിഷയാടിസ്ഥാനത്തിലായിരുന്നു ആഘോഷിക്കപ്പെട്ടിട്ടുള്ളതും. അത്തരത്തില്‍ ഇത്തവണത്തെ പ്രമേയം ‘വന്യജീവി സംരക്ഷണത്തിനായുള്ള പങ്കാളിത്തെ’ക്കുറിച്ചാണ്.
മനുഷ്യരും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തില്‍ നിന്നാണ് സഹ ജീവി സ്നേഹവും സഹജീവിതവും സാധ്യമാകുന്നത്. പ്രകൃതിയുടെ ഒരു സ്പര്‍ശം ഈ പ്രപഞ്ചത്തെ പരസ്പരം ബന്ധുക്കളാക്കി മാറ്റുന്നു. ജീവി വര്‍ഗ്ഗവും സസ്യ വര്‍ഗ്ഗവും പരസ്പരം ബന്ധുക്കളാകുന്നതും ഈ സ്പര്‍ശത്തില്‍ നിന്നാണ്.
അതേ സമയം കേരളം നേരിടുന്ന യാഥാര്‍ത്ഥ്യത്തെ കുറിച്ചും നാം ബോധവാന്മാരേകേണ്ടതുണ്ട്. കാടിറങ്ങി വരുന്ന വന്യമൃഗങ്ങള്‍ നമ്മുക്ക് മുന്നിലെ യാഥാര്‍ത്ഥ്യമാണ്. സ്വന്തം വാസസ്ഥലം വിട്ട് വന്യമൃഗങ്ങള്‍ മറ്റൊരിടത്തേക്ക് നീങ്ങുന്നുണ്ടെങ്കില്‍ അതിനുള്ള കാരണമെന്തെന്ന് കണ്ടെത്തി പ്രതിരോധിക്കുകയാണ് ചെയ്യേണ്ടത്.
മൃഗങ്ങളുടെ കാടിറക്കം നിയന്ത്രിക്കണമെങ്കില്‍ വനാന്തരങ്ങളില്‍ അവയ്ക്കുള്ള ഭക്ഷണവും വെള്ളവും ലഭ്യമാക്കാന്‍ വനം വകുപ്പ് ബാധ്യസ്ഥരാണ്. അതായത് കാടകത്തെ ഭക്ഷ്യശൃംഖല മുറിയാതെ നോക്കേണ്ട ഉത്തരവാദിത്വം വനംവകുപ്പിനാണെന്നത് തന്നെ. ഈ ഉത്തരവാദിത്വത്തെ മാറ്റി നിര്‍ത്തി വനപ്രദേശത്തിന് സമീപം താമിസിക്കുന്ന ജനങ്ങളെ പ്രതികളാക്കുന്ന വനംവകുപ്പ് നടപടികള്‍ സംഘര്‍ഷം ലഘൂകരിക്കുന്നതിന് പകരം സങ്കീര്‍ണ്ണമാക്കുന്നതിനാണ് സഹായിക്കുക. അതോടൊപ്പം തന്നെ വന്യജീവികളുടെ വംശവര്‍ദ്ധനവിനെ കുറിച്ചും അവയുടെ ആവാസവ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും നമ്മള്‍ ബോധവാന്മാരേകേണ്ടിയിരിക്കുന്നു. മനുഷ്യനുൾപ്പെടെ എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിന് ജൈവവൈവിധ്യ സംരക്ഷണം നിർണായകമാണെന്ന ഓർമ്മപ്പെടുത്തല്‍ കൂടിയാണ് ലോക വന്യജീവി ദിനം.