വെല്ലിംഗ്ടണില്‍ ഒരു റണ്ണിനായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം. ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ അവസാന രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ന്യൂസിലന്‍ഡ് വിജയമാഘോഷിച്ചത്. ഫോളോഓണ്‍ വഴങ്ങിയ ശേഷമായിരുന്നു ന്യൂസിലന്‍ഡിന്റെ തിരിച്ചുവരവ്. സ്‌കോര്‍: ന്യൂസിലന്‍ഡ് 209 & 483. ഇംഗ്ലണ്ട് 435 & 256. രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ കെയ്ന്‍ വില്യംസണാണ് പ്ലയര്‍ ഓഫ് ദാ മാച്ച്. രണ്ട് മത്സരങ്ങളുടെ പരമ്പര ഇതോടെ 1-1 സമനിലയില്‍.
259 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാനദിനം ആരംഭിക്കുമ്പോള്‍ ഒന്നിന് 48 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. സാക് ക്രൗളിയുടെ (24) വിക്കറ്റായിരുന്നു അവര്‍ക്ക് നഷ്ടമായത്. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. 95 റണ്‍സ് നേടിയ ജോ റൂട്ടിന് മാത്രമാണ് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത്. എന്നാല്‍ നീല്‍ വാഗ്നറുടെ പന്തില്‍ റൂട്ട് മടങ്ങി. ബെന്‍ സ്റ്റോക്‌സ് (33), ബെന്‍ ഫോക്‌സ് (35) എന്നിവര്‍ ചെറുത്തുനിന്നു. ഫോക്‌സ് ജയിപ്പിക്കുമെന്ന് കരുതിയതാണ്. എന്നാല്‍ ടിം സൗത്തിയുടെ പന്തില്‍ മടങ്ങി. പിന്നീടെത്തിയത് ജെയിംസ് ആന്‍ഡേഴ്‌സണ്‍. വാഗ്നര്‍ക്ക് മുന്നില്‍ താരത്തിന് പിടിച്ചുനില്‍ക്കാനായിയില്ല. കിവീസ് ഒരു റണ്ണിന്റെ വിജയമാഘോഷിച്ചു. വാഗ്നര്‍ നാല് വിക്കറ്റ് വീഴ്ത്തി. ടിം സൗത്തിക്ക് മൂന്ന് വിക്കറ്റുണ്ട്.
രണ്ടാം ഇന്നിംഗ്സില്‍ വില്യംസണ് പുറമെ ടോം ബ്ലണ്ടല്‍ (90), ടോം ലാഥം (83), ഡെവോണ്‍ കോണ്‍വെ (61), ഡാരില്‍ മിച്ചല്‍ (54) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ടെസ്റ്റ് കരിയറിലെ 26-ാം സെഞ്ചുറിയാണ് വില്യംസണ്‍ പൂര്‍ത്തിയാക്കിയത്. 282 പന്തുകള്‍ നേരിട്ട മുന്‍ ക്യാപ്റ്റന്‍ 12 ബൗണ്ടറികള്‍ പായിച്ചു. വില്‍ യംഗ് (8), ഹെന്റി നിക്കോള്‍സ് (29), മൈക്കല്‍ ബ്രേസ്വെല്‍ (8), ടിം സൗത്തി (2), മാറ്റ് ഹെന്റി (0) എന്നിവരുടെ വിക്കറ്റുകളും ന്യൂസിലന്‍ഡിന് നഷ്ടമായി. ലീച്ച് പുറമെ റോബിന്‍സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോ റൂട്ട്, ഹാരി ബ്രൂക്ക് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
രണ്ടാം ഇന്നിംഗ്സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ ബ്രോഡും മൂന്ന് വിക്കറ്റ് വീതം നേടി ലീച്ചും ആന്‍ഡേഴ്സണും ചേര്‍ന്ന് കിവീസിനെ തകര്‍ത്തു. 49 പന്തില്‍ 73 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ടിം സൗത്തിയാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ബ്ലണ്ടല്‍ (38), ലാഥം (35), ഹെന്റി നിക്കോള്‍സ് (30) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ ഹാരി ബ്രൂക്ക് (186), ജോ റൂട്ട് (153) എന്നിവരാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മാറ്റ് ഹെന്റി നാല് വിക്കറ്റ് വീഴ്ത്തി. ബ്രേസ്വെല്ലിന് രണ്ട് വിക്കറ്റുണ്ട്.