മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം എലോണിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിച്ച ചിത്രം ജനുവരി 26-നാണ് തിയേറ്ററുകളിലെത്തിയത്. മാര്‍ച്ച് മൂന്നിന് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ ചിത്രം ഒടിടിയിലെത്തും. രാജേഷ് ജയരാമനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങള്‍ സമ്മാനിച്ച മോഹന്‍ലാല്‍-ഷാജി കൈലാസ് കോംബോ വീണ്ടും ഒന്നിച്ച ചിത്രമാണ് എലോണ്‍. പ്രീ റിലീസ് പബ്ലിസിറ്റി ഒന്നുമില്ലാതെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. കോവിഡ് കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമിലെ പ്രദര്‍ശനം ലക്ഷ്യമാക്കിയാണ് എലോണ്‍ ചിത്രീകരിച്ചത്. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്നു എന്ന സവിശേഷതയോടെയാണ് എലോണ്‍ എത്തിയത്.
എലോണ്‍ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ ഓണ്‍സ്‌ക്രീനില്‍ മോഹന്‍ലാല്‍ മാത്രമാണുള്ളത്. ജേക്‌സ് ബിജോയ് സംഗീതം നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ഡോണ്‍മാക്‌സ് ആണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.