ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നിര്‍ണായകമായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 115 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇതോടെ 4 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി.
അതിവേഗം മത്സരം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ചത്. എന്നാല്‍ ഓപ്പണര്‍ കെ.എല്‍ രാഹുല്‍ (1) വീണ്ടും നിരാശപ്പെടുത്തി. മറുഭാഗത്ത് ടി20 ശൈലിയില്‍ ബാറ്റ് വീശിയ രോഹിത് ശര്‍മ്മ 20 പന്തില്‍ 31 റണ്‍സ് നേടി. മൂന്നാമനായി ക്രീസിലെത്തിയ ചേതേശ്വര്‍ പൂജാര പതിവ് ശൈലിയില്‍ ഉറച്ചുനിന്നു. വിരാട് കോഹ്ലി 20ഉം ശ്രേയസ് അയ്യര്‍ 12ഉം റണ്‍സെടുത്തു. 22 പന്തില്‍ 23 റണ്‍സുമായി ശ്രീകര്‍ ഭരത്തും 74 പന്തില്‍ 31 റണ്‍സുമായി പൂജാരയും പുറത്താകാതെ നിന്നതോടെ മത്സരം 3-ാം ദിനം തന്നെ ഇന്ത്യ കൈപ്പിടിയിലൊതുക്കി.
മൂന്നാം ദിനത്തിൽ മത്സരം ആരംഭിച്ച ശേഷമുള്ള ആദ്യ സെഷനില്‍ തന്നെ ഓസ്‌ട്രേലിയയുടെ 9 വിക്കറ്റുകളും അതിവേഗം വീണതാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. അശ്വിനും ജഡേജയും ഒരുക്കിയ സ്പിന്‍ കെണിയില്‍ വീണ കംഗാരുക്കള്‍ 113 റണ്‍സിന് ഓള്‍ ഔട്ടായിയിരുന്നു. ഒന്നാം ഇന്നിംഗ്സിലെ 1 റൺ ലീഡ് ഉൾപ്പെടെ ഇന്ത്യയ്ക്ക് മുന്നിൽ ഓസീസ് ഉയർത്തിയത് 115 റൺസ് വിജയലക്ഷ്യം.
രണ്ടാം ദിനത്തിലെ അവസാന സെഷനില്‍ ആഞ്ഞടിച്ച ട്രാവിസ് ഹെഡിന്റെ വിക്കറ്റാണ് ഓസ്‌ട്രേലിയയ്ക്ക് ഇന്ന് ആദ്യം നഷ്ടമായത്. ഹെഡ് 43 റണ്‍സും മൂന്നമനായെത്തിയ ലബുഷെയ്ന്‍ 35 റണ്‍സും നേടി. ഓസീസ് നിരയിലെ മറ്റാര്‍ക്കും രണ്ടക്കം പോലും കടക്കാനായില്ല. രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് 10 വിക്കറ്റുകളും വീഴ്ത്തിയത്. 12.1 ഓവറില്‍ 42 റണ്‍സ് വഴങ്ങിയ ജഡേജ 7 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 16 ഓവറില്‍ 59 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന്‍ ജഡേജയ്ക്ക് മികച്ച പിന്തുണ നല്‍കി.
ഇന്ത്യന്‍ താരങ്ങളായ രവിചന്ദ്രന്‍ അശ്വിനെയും അക്‌സര്‍ പട്ടേലിനെയും വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍. ന്യൂ ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനത്തില്‍ ഇരുവരും മികച്ച ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. രണ്ടാം ദിനത്തിലെ കളി അവസാനിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ലിയോണിന്റെ പ്രതികരണം.
അക്സര്‍ പട്ടേലിനും അശ്വിനും ലോകത്തിലെ ഏത് ടീമിന്റെയും ടോപ്പ് 6ല്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് ലിയോണ്‍ പറഞ്ഞു. അവര്‍ ലോവര്‍ ഓര്‍ഡര്‍ ബാറ്റര്‍മാരല്ലെന്ന് നിസംശയം പറയാം. ലോകമെമ്പാടുമുള്ള ടെസ്റ്റ് ക്രിക്കറ്റ് ടീമുകളില്‍ അക്‌സറിനും അശ്വിനും ടോപ്പ് സിക്‌സില്‍ എളുപ്പത്തില്‍ ബാറ്റ് ചെയ്യാന്‍ കഴിയും. ഇന്ത്യയ്ക്ക് വളരെ നീണ്ട ടോപ്പ് ഓര്‍ഡറുണ്ടെന്ന് തന്നെ പറയാമെന്നും ലിയോണ്‍ വ്യക്തമാക്കി.