ദുബൈ: എമിറേറ്റിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് നഗരത്തില്‍ പുത്തന്‍ ആകര്‍ഷണമൊരുങ്ങുന്നു. പാം ജുമൈറയിലാണ് ഹീലിയം നിറച്ച കൂറ്റന്‍ ബലൂണ്‍ ഒരുങ്ങുന്നത്.
ഈ മാസം അറ്റ്‌ലാന്‍റിസിലെ അക്വാവെഞ്ചര്‍ കടല്‍ത്തീരത്ത് തുറക്കുന്ന ബലൂണില്‍ കയറി ദുബൈ നഗരത്തെ 300 മീറ്റര്‍ ഉയരത്തില്‍നിന്ന് കാണാനുള്ള അവസരമാണ് തുറക്കുന്നത്. ഏകദേശം നൂറുനില കെട്ടിടത്തിന്‍റെ ഉയരത്തില്‍ പറക്കാനുള്ള അവസരമാണ് ഇതിലൂടെ വിനോദസഞ്ചാരികള്‍ക്കും താമസക്കാര്‍ക്കും ഒരുങ്ങുന്നത്.
10 മിനിറ്റ് നീണ്ടുനില്‍ക്കുന്ന റൈഡാണ് ബലൂണില്‍ ഒാരോരുത്തര്‍ക്കും അനുഭവിക്കാനാവുക. സാധാരണ പാസിന് മുതിര്‍ന്നവര്‍ക്ക് 175 ദിര്‍ഹവും കുട്ടികള്‍ക്ക് 75 ദിര്‍ഹവുമാണ് നിരക്ക്. ‘ഫാസ്റ്റ് പാസ്’ ടിക്കറ്റുകള്‍ മുതിര്‍ന്നവര്‍ക്ക് 275 ദിര്‍ഹത്തിനും കുട്ടിക്ക് 125 ദിര്‍ഹത്തിനും ലഭിക്കും. ‘ഫാസ്റ്റ് പാസ്’ ടിക്കറ്റുകള്‍ ക്യൂ നില്‍ക്കാതെ ലഭിക്കുമെന്നതിനു പുറമെ, ഇതെടുക്കുന്നവര്‍ക്ക് ദുബൈ ബലൂണ്‍ ലോഞ്ചില്‍ ചായയും ശീതളപാനീയങ്ങളും നല്‍കുകയും ചെയ്യും. മൂന്നു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ബലൂണില്‍ പ്രവേശനം സൗജന്യമാണ്. വീല്‍ചെയറും സ്‌ട്രോളറും പ്രവേശിപ്പിക്കാനും സൗകര്യമുണ്ട്.
തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്ബതു മുതല്‍ രാത്രി 11 വരെയും വെള്ളി മുതല്‍ ഞായറാഴ്ച വരെ അര്‍ധരാത്രി വരെയും ബലൂണ്‍ പ്രവര്‍ത്തിക്കും. മനുഷ്യനിര്‍മിത പാം ജുമൈറ ദ്വീപ്, ദി പോയന്‍റിലെ ലോകത്തിലെ ഏറ്റവും വലിയ ജലധാരപ്രദര്‍ശനമായ അക്വാവെഞ്ചര്‍, ബുര്‍ജ് അല്‍ അറബ്, ഐന്‍ദുബൈ തുടങ്ങിയവയും ബുര്‍ജ് ഖലീഫയും ഡൗണ്‍ടൗണ്‍ സ്കൈലൈനും അടക്കമുള്ളവയും ബലൂണില്‍നിന്ന് കാണാനാകും. ഈ പുതിയ അനുഭവം പരീക്ഷിക്കുന്നതിനും മനോഹരമായ നഗരത്തിനു മുകളില്‍ പറക്കുന്നതിനും എല്ലാവരെയും സ്വാഗതം ചെയ്യുകയാണെന്ന് ‘ദുബൈ ബലൂണ്‍’ ജനറല്‍ മാനേജര്‍ ക്ലെയര്‍ ഐക്കോണ്‍ പറഞ്ഞു.