ചാലക്കുടി: രണ്ടാഴ്ച മുമ്ബ് പുനര്‍നിര്‍മിച്ച റോഡ് കുത്തിപ്പൊളിക്കാനെത്തിയ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ തര്‍ക്കം.
ഇതേതുടര്‍ന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തിരിച്ചുപോയി. മേലൂര്‍ – കോട്ടമുറി റോഡില്‍ ആശുപത്രിക്ക് സമീപമാണ് റോഡ് കുത്തിപ്പൊളിക്കാന്‍ മണ്ണുമാന്തി യന്ത്രവും മറ്റ് യന്ത്രസാമഗ്രികളുമായി വാട്ടര്‍ അതോറിറ്റിക്കാര്‍ വന്നത്.
പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് സംബന്ധിച്ച് റോഡ് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ വാട്ടര്‍ അതോറിറ്റിക്ക് പരാതി നല്‍കിയിരുന്നു. റോഡ് കുത്തിപ്പൊളിക്കാന്‍ ഒരുങ്ങുമ്ബോഴാണ് നാട്ടുകാര്‍ എത്തിയത്. കുത്തിപ്പൊളിച്ചാല്‍ പകരം റോഡ് ഇപ്പോഴത്തെ ഗുണമേന്മയോടെ അറ്റകുറ്റപ്പണി ചെയ്ത് തരാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ഉദ്യോഗസ്ഥരോടും കരാറുകാരനോടും ആവശ്യപ്പെട്ടു.
എന്നാല്‍ അതൊന്നും തങ്ങള്‍ക്ക് കഴിയില്ലെന്ന് പറഞ്ഞതോടെയാണ് തര്‍ക്കം ഉടലെടുത്തത്. കുത്തിപ്പൊളിച്ച റോഡ് ശരിയാക്കാന്‍ പി.ഡബ്ല്യൂ.ഡിയുടെ ഭാഗത്തുനിന്നും കരാറുകാരന്‍റെ ഭാഗത്തുനിന്നും ആരും വരില്ലെന്ന് വാട്ടര്‍ അതോറിറ്റി എന്‍ജിനീയര്‍ വ്യക്തമാക്കി. അങ്ങനെ ചെയ്യാതെ പുതിയ റോഡ് കുത്തിപ്പൊളിക്കുന്നത് ശരിയല്ലെന്നായി നാട്ടുകാര്‍. തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പിന്‍വാങ്ങി. ഇക്കാര്യത്തില്‍ പി.ഡബ്ല്യു.ഡി ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.