പകരമിറങ്ങി 28ാം സെക്കന്‍ഡില്‍ ഗോളടിച്ച്‌ അരിബാസ്; ക്ലബ് ലോകകപ്പ് ഫൈനലില്‍ റയല്‍ Vs അല്‍ഹിലാല്‍

0
47

ക്ലബ് ലോകകപ്പ് ഫൈനലില്‍ ആദ്യമായി ഇടംതേടിയിറങ്ങിയ ആഫ്രിക്കന്‍ കരുത്തരെ ഒന്നിനെതിരെ നാലു ഗോളിന് കശക്കിവിട്ട് യൂറോപ്യന്‍ ചാമ്ബ്യന്മാര്‍.

സൗദി ടീം അല്‍ഹിലാലാകും ശനിയാഴ്ച ഫൈനലില്‍ റയലിന് എതിരാളികള്‍. വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും നിറഞ്ഞാടിയ മത്സരത്തില്‍ പകരക്കാരനായിറങ്ങി ആദ്യ ടച്ച്‌ ഗോളാക്കി സെര്‍ജിയോ അരിബാസും വീരനായകനായി.

കരുത്തര്‍ക്കെതിരെ ആക്രമണത്തെക്കാള്‍ പ്രതിരോധമാണ് ബുദ്ധിയെന്ന തിരിച്ചറിവില്‍ മനോഹരമായി പിടിച്ചുനിന്ന ഈജിപ്ത് ക്ലബിന്റെ കോട്ട തകര്‍ത്ത് വിനീഷ്യസ് ജൂനിയര്‍ ഇടവേളക്ക് മൂന്നു മിനിറ്റ് മുമ്ബ് റയല്‍ മഡ്രിഡിനെ മുന്നിലെത്തിച്ചു. പ്രതിരോധം ക്ലിയര്‍ ചെയ്യുന്നതിനിടെ കാലിലെത്തിയ പന്ത് ഗോളിയെ കാഴ്ചക്കാരനാക്കി അനായാസം വലയിലെത്തിക്കുകയായിരുന്നു. വൈകാതെ വിനീഷ്യസ് വിങ്ങിലൂടെ തുടക്കമിട്ട മറ്റൊരു നീക്കത്തില്‍ ഫെഡറികോ വെല്‍വെര്‍ഡേ ലീഡുയര്‍ത്തി. അതിവേഗവും ടീം ഗെയിമും കണ്ട നിമിഷങ്ങളില്‍ ആദ്യ ഷോട്ട് അല്‍അഹ്‍ലി ഗോളി തടുത്തിട്ടെങ്കിലും ഓടിയെത്തിയ വെല്‍വെര്‍ഡേ പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

രണ്ടു ഗോള്‍ വീണതോടെ കളി കനപ്പിച്ച ആഫ്രിക്കന്‍ സംഘത്തിന്റെ മുന്നേറ്റം തടയാന്‍ റയല്‍ നടത്തിയ ശ്രമം സ്വന്തം വലയിലും പന്തെത്തിച്ചു. ബോക്സില്‍ ഫൗള്‍ ചെയ്ത തടഞ്ഞതിന് അല്‍അഹ്‍ലിക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി അലി മാലൂല്‍ വല കുലുക്കുകയായിരുന്നു. പിന്നെയും ഗോളിനരികെയെത്തിയ നീക്കങ്ങളുമായി ഈജിപ്ഷ്യന്‍ സംഘം ഇരമ്ബിയാര്‍ത്തപ്പോള്‍ എന്തും സംഭവിക്കാമെന്നായി. എന്നാല്‍, പരിചയസമ്ബത്തിന്റെ മികവില്‍ രണ്ടെണ്ണം കൂടി അടിച്ചുകയറ്റി റയല്‍ ജയം ആധികാരികമാക്കി. പുതുമുഖ താരങ്ങളായ റോഡ്രിഗോ, സെര്‍ജിയോ അരിബാസ് എന്നിവരുടെ വകയായിരുന്നു ഗോളുകള്‍.

87ാം മിനിറ്റില്‍ ലൂക മോഡ്രിച് എടുത്ത പെനാല്‍റ്റി അല്‍അഹ്‍ലി ഗോളി മുഹമ്മദ് അല്‍ഷിനാവി തടുത്തിട്ടതും ശ്രദ്ധേയമായി.

ആദ്യ സെമിയില്‍ ബ്രസീല്‍ ചാമ്ബ്യന്‍ ക്ലബായ ഫ്ലാമിംഗോയെ വീഴ്ത്തിയായിരുന്നു അല്‍ഹിലാല്‍ ഫൈനലില്‍ കടന്നത്. സെമിയില്‍ തോറ്റ ഫ്ലാമിംഗോയും അല്‍അഹ്‍ലിയും മൂന്നാം സ്ഥാനത്തിനായി പോരാടും. ലൂസേഴ്സ് ഫൈനലും ശനിയാഴ്ചയാണ്.

10 തവണ ആഫ്രിക്കന്‍ ചാമ്ബ്യന്മാരായ അല്‍അഹ്‍ലി 2006, 2020, 2021 വര്‍ഷങ്ങളില്‍ മൂന്നാം സ്ഥാനക്കാരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here