സര്‍വകക്ഷിയോഗം ഇന്ന്; ലോക്ക് ഡൗണും കര്‍ഫ്യൂവും പരിഗണനയില്‍

0
80

ദിവസവും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം ഇന്ന് ചേരും. ഏറ്റവും കടുത്ത രോഗവ്യാപനം ഉള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണും മറ്റിടങ്ങളില്‍ കര്‍ഫ്യൂവുമാണ് പരിഗണനയിലുള്ളത്. ലോക്ക്ഡൗണ്‍തന്നെ വേണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെടുമ്പോഴും വിദഗ്ദ്ധ സമിതി ഇതിനോട് യോജിച്ചിട്ടില്ല.

ഓരോ ദിവസവും പുതിയ കോവിഡ് കേസുകള്‍ ആയിരത്തിന് മുകളിലാണ്. ക്ളസ്റ്ററുകളുടെ എണ്ണവും കൂടുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലാണ് സ്ഥിതി അതീവ ഗൗരവമായി തുടരുന്നത്. ഈ സാഹചര്യത്തില്‍ കടുത്ത നടപടികള്‍ വേണ്ടിവരുമെന്ന നിഗമനത്തിലാണ് സര്‍ക്കാര്‍. ലോക്ക്ഡൗണ്‍ വേണമെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും സര്‍ക്കാരിന്‍റെ തന്നെ വിദഗ്ദ്ധ സമിതി ഇതിനോട് പൂര്‍ണമായി യോജിച്ചിട്ടില്ല. എല്ലാ അഭിപ്രായങ്ങളും കണക്കിലെടുത്താവും തീരുമാനം. സര്‍വ്വകക്ഷിയോഗത്തിലെ തീരുമാനം തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഗൗരവമായി പരിഗണിക്കും.

എല്ലാ സ്ഥാപനങ്ങളും വ്യവസായ, വാണിജ്യസ്ഥാപനങ്ങളും നിരന്തരമായി പൂട്ടാനാവില്ല. തൊഴില്‍മേഖലകള്‍ എന്നും അടച്ചിടാനുമാവില്ല. അതിനാല്‍ ഏറ്റവും കൂടുതല്‍ രോഗം ഉള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണാകാം. മറ്റ് പ്രദേശങ്ങളില്‍ സ്ഥാപനങ്ങള്‍ നിയന്ത്രിതമായി തുറന്നുകൊണ്ട് കര്‍ഫ്യൂ കൊണ്ടുവരാം എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. അപ്പോള്‍ പൊലീസിന് ആളുകളുടെ കൂട്ടം കൂടലും അനാവശ്യയാത്രകളും തടയാനാവും. എന്നാല്‍, പൊലീസിനെ ഉപയോഗിച്ച് അടച്ചിടല്‍ നിയന്ത്രണങ്ങള്‍ എത്രകാലം മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here