ഇസ്രായേല്‍ കൂട്ടക്കുരുതിയെ അപലപിച്ച്‌ അറബ് രാഷ്ട്രങ്ങള്‍

0
64

റിയാദ്: ജെനിന്‍ അഭയാര്‍ഥി ക്യാമ്ബില്‍ ഒമ്ബത് ഫലസ്തീന്‍കാരെ കൊലപ്പെടുത്തിയ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച്‌ സൗദി അറേബ്യയും കുവൈത്തും ഒമാനും രംഗത്തെത്തി.

ഇസ്രായേലി അധിനിവേശവും ആക്രമണവും അവസാനിപ്പിക്കാനും സിവിലിയന്‍മാര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് സൗദി വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു.

ഇസ്രായേലി അധിനിവേശ സേന നടത്തുന്ന അക്രമങ്ങള്‍ അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച മന്ത്രാലയം ഇരകളുടെ കുടുംബങ്ങള്‍ക്കും ഫലസ്തീന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും രാജ്യത്തിന്റെ ആത്മാര്‍ഥമായ അനുശോചനവും ഐക്യദാര്‍ഢ്യവും അറിയിച്ചു.

ഫലസ്തീന്റെ വടക്കന്‍ നഗരമായ ജെനിനിലെ തിരക്കേറിയ അഭയാര്‍ഥി ക്യാമ്ബില്‍ ഇസ്രായേല്‍ സൈന്യം രക്തരൂക്ഷിതമായ അക്രമമാണ് വ്യാഴാഴ്ച അഴിച്ചുവിട്ടത്. വൃദ്ധയടക്കം ഒമ്ബത് ഫലസ്തീനികളെ ക്രൂരമായി കൊലപ്പെടുത്തി. വെടിയേറ്റവരെ രക്ഷിക്കാനെത്തിയ ആംബുലന്‍സിനെ യുദ്ധ ടാങ്ക് ഉപയോഗിച്ച്‌ തടഞ്ഞതായും ഫലസ്തീന്‍ അധികൃതര്‍ അറിയിച്ചു.

നടന്നത് കൂട്ടക്കുരുതിയാണെന്നും ഇസ്രായേല്‍ വെടിവെപ്പില്‍ 20 പേര്‍ക്ക് പരിക്കേറ്റുവെന്നും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണെന്ന് ജെനിന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here