ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ഇടത്തരക്കാർക്ക് പ്രതീക്ഷ നല്‍കുന്ന ചില നയങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. രാജ്യത്തെ മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ കാത്തിരിക്കുന്ന നികുതി ഇളവുകള്‍ ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ പരിഗണിക്കപ്പെടുമെന്നാണ് സൂചന.
രാജ്യത്തെ ആദായനികുതി സ്ലാബ് അവസാനമായി പരിഷ്‌കരിച്ചത് 2014ല്‍ ആയിരുന്നു. മധ്യവര്‍ഗ്ഗത്തിന് ആശ്വാസം നല്‍കുന്ന നികുതി പരിഷ്‌കാരങ്ങളായിരുന്നു അന്ന് നടപ്പാക്കിയത്. എന്നാല്‍ വര്‍ഷം കഴിയുന്തോറും കൂടിവരുന്ന പണപ്പെരുപ്പം സ്ഥിതി മാറ്റിമറിച്ചിരിക്കുകയാണ്.
വരാനിരിക്കുന്ന ബജറ്റില്‍ സാധാരണക്കാരനെ തൃപ്തിപ്പെടുത്തുന്ന നയങ്ങള്‍ ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.
നികുതിയില്‍ കാര്യമായ ഇളവ് ഉണ്ടാകുമെന്ന് തന്നെയാണ് പെന്‍ഷന്‍കാരും മറ്റ് ഉദ്യോഗസ്ഥരും പ്രതീക്ഷിക്കുന്നത്. നിലവില്‍ 50000 രൂപ ഇളവാണ് നല്‍കി വരുന്നത്. എന്നാല്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍ പണപ്പെരുപ്പം മൂലം നിലവില്‍ ജീവിതച്ചെലവ് വര്‍ധിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ബജറ്റില്‍ കാര്യമായ നികുതി ആനൂകുല്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് തന്നെയാണ് ഉയരുന്ന ആവശ്യം.
നിലവില്‍ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം ലഭ്യമായ നികുതി ഇളവിന്റെ പരിധി 1,50,000 രൂപയാണ്. ഈ പരിധി വര്‍ധിപ്പിക്കണമെന്നത് ദീര്‍ഘകാലമായിട്ടുള്ള ആവശ്യമാണ്. ഈ തുകയുടെ പരിധി 2,00,000 ആയി ഉയര്‍ത്തണമെന്നാണ് ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നത്. ഇക്കാര്യം വരാനിരിക്കുന്ന ബജറ്റില്‍ പരിഗണിക്കപ്പെടുമെന്നാണ് കരുതുന്നത്.
നികുതിദായകര്‍ക്ക് വ്യക്തിഗത നികുതിയിളവ് അനുവദിക്കണമെന്ന് വിദഗ്ധര്‍ നേരത്തെ പറഞ്ഞിരുന്നു. നികുതി നിരക്ക് കുറച്ചോ, അല്ലെങ്കില്‍ നികുതി സ്ലാബുകളില്‍ മാറ്റം വരുത്തിയോ ഈ ഇളവ് നല്‍കണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
അതേസമയം നിലവിലെ നികുതികളെ കൂടുതല്‍ കാര്യക്ഷമമാക്കുന്ന പരിഷ്‌കാരങ്ങളായിരിക്കും ബജറ്റില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തുകയെന്നും വിദഗ്ധര്‍ പ്രവചിക്കുന്നു. നികുതി സ്ലാബ് ചിലപ്പോള്‍ വ്യത്യാസപ്പെടാം. അതുകൂടാതെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കുന്ന തുകയുടെ പരിധിയും വര്‍ധിച്ചേക്കാമെന്നും വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.
കോവിഡിന് ശേഷവും നിരവധി കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം തുടരുന്നത് ഒരര്‍ത്ഥത്തില്‍ തൊഴില്‍ദാതാവിനും തൊഴിലാളികള്‍ക്കും ലാഭകരമാണ്. അതുകൊണ്ട് തന്നെ വര്‍ക്കം ഫ്രം ഹോം തുടരുന്ന സ്ഥിര ശമ്പളക്കാര്‍ക്കും നികുതി ഇളവുകള്‍ നല്‍കാനുള്ള നയങ്ങളും ബജറ്റിലുണ്ടാകുമെന്നാണ് കരുതുന്നത്.
നേരത്തെ രാജ്യത്തെ ആദായനികുതി നിരക്കുകള്‍ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന ലഭിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ പുതുക്കിയ നിരക്കുകള്‍ പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കുന്നു. വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസ് ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ചില ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം അറിയച്ചത്.
എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ധനമന്ത്രാലയം തയ്യാറായില്ല. അതേസമയം ആദായനികുതി നിരക്കുകള്‍ അവസാനമായി പരിഷ്‌കരിച്ചത് 2020ലായിരുന്നു. എന്നാല്‍ അന്ന് ഭവന വാടക, ഇന്‍ഷുറന്‍സ് ഇളവുകള്‍ എന്നിവയില്‍ ഇളവുകള്‍ അനുവദിക്കാത്തത് പലര്‍ക്കും സ്വീകാര്യമായിരുന്നില്ല.