മലയാളികളുടെ ഹൃദയം കവർന്ന മുത്തച്ഛൻ… ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ഓർമ്മയിൽ

0
54

മലയാളികളുടെ പ്രിയപ്പെട്ട മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ഓർമകൾക്ക് രണ്ട് വയസ്. പല്ലില്ലാത്ത മോണ കാണിച്ചുള്ള ആ നിര ചിരി ഇന്നും മലയാളികളുടെ മനസ്സിൽ നിന്നും മാഞ്ഞുപോയിട്ടില്ല.  1923 ഒക്ടോബർ 19ന് കണ്ണൂർ പയ്യന്നൂരിനടുത്ത് കോറോം പുല്ലേരി വാധ്യാരില്ലത്താണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ജനനം. കുടുംബക്ഷേത്രത്തിലെ പൂജാരിയായും മറ്റുമായി കടന്നുപോയിരുന്ന നമ്പൂതിരിയുടെ ജീവിതത്തിൽ വഴിത്തിരിവുണ്ടായത് എഴുപത്തിയാറാംവയസ്സിലാണ്.

ഒരിക്കൽ ഒരു ജ്യോത്സ്യൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ജാതകം പരിശോധിക്കവെ 76 വയസ്സിനു ശേഷം ലോകമെങ്ങുമറിയപ്പെടുമെന്ന് പ്രവചിച്ചിരുന്നു. ആ പ്രവചനം സത്യമായി. എഴുപത്തിയാറാംവയസ്സിലാണ് അദ്ദേഹം ദേശാടനമെന്ന ചിത്രത്തിൽ അഭിനേതാവായെത്തിയത്. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് അഭിനയം വലിയ മോഹവും ആവേശവും ഒന്നും ആയിരുന്നില്ല. സിനിമയിലേക്ക് അദ്ദേഹം ഇറങ്ങിച്ചെന്നതല്ല, സിനിമ അദ്ദേഹത്തെ തേടിവന്നതാണ്. ആ ഭാഗ്യം അപൂര്‍വം കലാകാരന്മാര്‍ക്ക് മാത്രമേ ലഭിക്കൂ. സംവിധായകന്‍ ജയരാജിന് കൈതപ്രം നമ്പൂതിരിയുമായുള്ള ബന്ധമാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ ക്യാമറയ്ക്ക് മുന്നിലെത്തിച്ചത്.

കൈതപ്രം അദ്ദേഹത്തിന്റെ മരുമകനാണ്. ആരേയും നടനാക്കുന്നതില്‍ ജയരാജിനുള്ള വൈഭവം മലയാളസിനിമയില്‍ അധികാമര്‍ക്കുമില്ല. ദേശാടനത്തിലെ ശങ്കരന്റെ അച്ഛനായി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പകര്‍ന്നാടിയതും ജയരാജിന്റെ കൈപുണ്യം കൊണ്ടാണ്. പിന്നീട് മലയാള സിനിമയുടെ മുത്തശ്ശനായി വളര്‍ന്ന ഇദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് തുടങ്ങിയവരുടെ സിനിമകളില്‍ അഭിനയിച്ചതിനേക്കാള്‍ ഉപപരി സകലാകലാവല്ലഭന്‍ കമല്‍ ഹാസന്‍ നേരിട്ട് അഭിനയിക്കാന്‍ വിളിച്ചു( പമ്മല്‍ കെ സമ്മന്തം), രജനികാന്തിന്റെ സിനിമയില്‍ നടിച്ചു, വിശ്വസുന്ദരി ഐശ്വര്യാറായിയുടെ മുത്തശ്ശനായി. ഈ ഭാഗ്യങ്ങള്‍ മലയാളത്തില്‍ സാധാരണ ഒരു നടന്‍മാര്‍ക്കും കിട്ടാത്ത സൗഭാഗ്യമാണ്.

പലപ്പോഴും മുത്തശ്ശന്റെ, അല്ലെങ്കില്‍ അച്ഛന്റെ വേഷമാണ് ക്യാമറയ്ക്ക് മുന്നില്‍ എടുത്തണിഞ്ഞിരുന്നതെങ്കിലും ഒരു സിനിമയില്‍ കണ്ട അച്ഛനും മുത്തശ്ശനും ആയിരിക്കില്ല മറ്റൊന്നില്‍. നിഷ്‌ക്കളങ്കമായ മുഖമാണെങ്കിലും വളരെ സരസ്സനായി അദ്ദേഹം അഭിനയിക്കും. കല്യാണരാമനിലെ മുത്തശ്ശനില്‍ അത് കാണാം. പോക്കാരിരാജ പോലുള്ള മാസ് മസാല പടത്തിലും മുത്തശ്ശന്റെ വേഷമാണ്. പക്ഷെ, അതില്‍ മരുമകനായ സിദ്ധിഖിന്റെ കമ്മിഷണര്‍ കഥാപാത്രത്തിന് താക്കീത് നല്‍കുന്നൊരു സീനുണ്ട്. അതില്‍ രൗദ്രമിങ്ങനെ നിറഞ്ഞുനില്‍ക്കുകയാണ്.

കൈക്കുടന്ന നിലാവില്‍ ജയറാമിന്റെ മുത്തശ്ശനായാണ് അഭിനയിക്കുന്നതെങ്കിലും അപരിചിതമായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന ശാലിനിയുടെ വേണി കഥാപാത്രവും കൊലക്കേസില്‍ പ്രതിയായ അവളുടെ കാമുകനായ കിച്ചാമണിയും (ദിലീപ്) സന്തോഷത്തോടെ ജീവിക്കാന്‍ വേണ്ടി കൊച്ചുമകനായ ജയറാമിന്റെ കഥാപാത്രത്തോട് പറയുന്ന രംഗമുണ്ട്. കണ്ണുനിറഞ്ഞല്ലാതെ പ്രേക്ഷകനത് കാണാന്‍ കഴിയില്ല.
ഓടിനടന്ന് അഭിനയിച്ച ആളായിരുന്നില്ല ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. ചെയ്ത കഥാപാത്രങ്ങളിലെല്ലാം ഒരു കയ്യൊപ്പ് ചാര്‍ത്തി. കാലമത് ഒരിക്കലും മായ്ക്കില്ല. 2021 ജനുവരി 20 ന് അദ്ദേഹം അന്തരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here