കേന്ദ്ര കായികമന്ത്രി അനുരാഗ് സിംഗ് താക്കൂർ സമരം നടത്തുന്ന ഗുസ്‌തി താരങ്ങളുമായി 4 മണിക്കൂറോളം നീണ്ട കൂടിക്കാഴ്‌ച നടത്തി. ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ വച്ചാണ് കൂടിക്കാഴ്‌ച നടന്നത്. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്രംഗ് പുനിയ തുടങ്ങിയ മുൻനിര ഇന്ത്യൻ ഗുസ്‌തിതാരങ്ങൾ ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റും ഭാരതീയ ജനതാ പാർട്ടി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിന് നേതൃത്വം നൽകിയതിന് പിന്നാലെയാണ് യോഗം നടന്നത്.
ഹിമാചൽ പ്രദേശിൽ ഔദ്യോഗിക ആവശ്യത്തിനായി പോയിരുന്ന അനുരാഗ് സിംഗ് താക്കൂർ വ്യാഴാഴ്‌ച വൈകിട്ട് ഡൽഹിയിൽ തിരിച്ചെത്തിയ ശേഷമാണ് പ്രതിഷേധിക്കുന്ന താരങ്ങളെ നേരിട്ട് കണ്ടത്. ബുധനാഴ്‌ച താരങ്ങൾ തലസ്ഥാന നഗരത്തിലെ ജന്തർ മന്തറിൽ ഒത്തുകൂടിയിരുന്നു. ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട ഇവർ, 66കാരനായ ബിജെപി എംപി വനിതാ താരങ്ങളെ ലൈംഗികമായി ഉപദ്രവിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്ന് ആരോപിച്ചിരുന്നു.
കൂടിക്കാഴ്‌ച ഫലവത്തായെന്നും ഗുസ്‌തി താരങ്ങളുടെ ആശങ്കകൾ കായികമന്ത്രി മനസിലാക്കിയെന്നും ഇന്ത്യ ടുഡേ വൃത്തങ്ങൾക്ക് വിവരം ലഭിച്ചു. ബജ്‌റംഗ്, വിനേഷ്, സാക്ഷി, ടോക്കിയോ ഒളിംപിക് വെള്ളി മെഡൽ ജേതാവ് രവി ദാഹിയ, അൻഷു മാലിക് തുടങ്ങിയവരെയാണ് അനുരാഗ് സിംഗ് താക്കൂർ തന്റെ വസതിയിൽ വച്ച് കണ്ടത്. ചർച്ചകൾ വെള്ളിയാഴ്‌ചയും തുടരുമെന്നാണ് സൂചന.
വിവാദത്തിന് ഇടയാക്കിയ സംഭവം എന്താണ് ?
ഏഷ്യൻ, കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് വിനേഷ് ഫോഗട്ട് ബ്രിജ് ഭൂഷൻ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചിരുന്നു. ലഖ്‌നൗവിലെ ദേശീയ ക്യാമ്പുകളിൽ വച്ച് ഡബ്ല്യുഎഫ്‌ഐ മേധാവിയും, ഏതാനും പരിശീലകരും താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചതിന് തെളിവുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.ഇതിന് പുറമെ ഡബ്ല്യുഎഫ്‌ഐക്കും, അതിന്റെ പ്രസിഡന്റിനുമെതിരെ ഫണ്ടുകളുടെ ദുരുപയോഗം, മോശം പെരുമാറ്റം എന്നീ ആരോപണങ്ങളും ഉയർന്നുവന്നിട്ടുണ്ട്.
ബ്രിജ് ഭൂഷൺ സിംഗിന്റെ രാജി
ബ്രിജ് ഭൂഷൺ സിംഗിനോട് 24 മണിക്കൂറിനുള്ളിൽ സ്ഥാനമൊഴിയണമെന്ന് കായിക മന്ത്രാലയം ആവശ്യപ്പെട്ടതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. 72 മണിക്കൂറിനുള്ളിൽ താരങ്ങളുടെ ആരോപണങ്ങളിൽ വിശദീകരണം നൽകണമെന്ന് കായിക ഗവേണിംഗ് ബോഡി ബുധനാഴ്‌ച ആവശ്യപ്പെട്ടിരുന്നു, താരങ്ങളുടെ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും അതിൽ പറയുന്നു.
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞാൽ മരിക്കാൻ തയ്യാറാണെന്ന് ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ഇന്ത്യ ടുഡേയോട് പറഞ്ഞു. ‘ക്രിമിനൽ’ എന്ന മുദ്രയോടെ തനിക്ക് രാജിവെക്കാനാകില്ലെന്നും, സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ബിജെപി എംപി ആരോപിച്ചു. ജനുവരി 22ന് നടക്കുന്ന അടിയന്തര യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും ബ്രിജ് ഭൂഷൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.