പാലക്കാട്: ഇന്ത്യ- ശ്രീലങ്ക ക്രിക്കറ്റ് മാച്ചിൽ കാണികൾ കുറഞ്ഞതിന്റെ പഴി സർക്കാരിന്റെ തലയിൽ കെട്ടി വയ്ക്കരുതെന്ന് മന്ത്രി എം ബി രാജേഷ്. അതിന് ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. വിനോദ നികുതി കൂട്ടി എന്നതും ശരിയല്ല. വിനോദ നികുതി 24 % ത്തിൽ നിന്നും 12% ആക്കി ഇളവ് നൽകിയിരുന്നു. അത് കെസിഎയ്ക്ക് അറിയാം. മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും മന്ത്രി പറഞ്ഞു.
കാര്യവട്ടത്തെ ടിക്കറ്റ് വിവാദത്തിന് പിന്നാലെ കളി കാണാൻ കാണികൾ കുറഞ്ഞതോടെ കായിക മന്ത്രിക്കെതിരെ വിമർശനം ശക്തമാവുകയാണ്. ഒഴിഞ്ഞ ഗ്യാലറിക്ക് കാരണം അബ്ദുറഹ്മാന്‍റെ പരാമർശമാണെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുറ്റപ്പെടുത്തി. കായിക പ്രേമികളുടെ അവകാശത്തെ തടയാൻ ശ്രമിക്കുന്നത് പരിതാപകരമാണ്. വിവേകത്തിന്‍റെ വഴി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും നഷ്ടം കെസിഎക്ക് മാത്രമല്ല സർക്കാറിന് കൂടിയാണെന്ന് മനസിലാക്കണമെന്നും പന്ന്യൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
“പട്ടിണി കിടക്കുന്നവർ കളികാണേണ്ട” എന്ന കായിക മന്ത്രി അബ്ദുറഹ്മാന്‍റെ പരാമർശത്തെ തള്ളി സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജനും രംഗത്തെത്തി. പട്ടിണിക്കാരനും അല്ലാത്ത വരും കാണേണ്ട കളിയാണ് ക്രിക്കറ്റെന്ന് പറഞ്ഞ എം വി ജയരാജൻ, പട്ടിണി പാവങ്ങൾ കളി കാണേണ്ട എന്ന് പറയരുതെന്നും വിമര്‍ശിച്ചു.
കാര്യവട്ടത്ത് കണ്ടത് മന്ത്രിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും വിമര്‍ശിച്ചു. സർക്കാരിന്‍റെ തെറ്റായ നയങ്ങൾ മൂലമാണ് കാര്യവട്ടം ഏകദിനത്തിൽ കാണികൾ കുറഞ്ഞതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലനും കുറ്റപ്പെടുത്തി. കായിക മന്ത്രി കുറേക്കൂടെ ജാഗ്രത പാലിക്കേണ്ടതായിരുന്നു. ഇത്തരം നടപടികൾ സർക്കാർ നിർത്തലാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.