ബഫർ സോൺ: പരാതി നൽകാനുള്ള സമയം ഇന്ന് അവസാനിക്കും

0
57

ബഫർ സോൺ വിഷയവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും പരാതികളും നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. എന്നാൽ വയനാട്ടിലെ ഭൂരിഭാഗം മേഖലകളിലും ബഫർ സോൺ ഫീൽഡ് സർവേ പൂർത്തിയാക്കാനായില്ല. ജനവാസ കേന്ദ്രങ്ങളെ ജിയോ ടാഗ് ചെയ്യാനുള്ള അസറ്റ് മാപ്പർ ആപ്പ് സെർവർ തകരാർ മൂലം പണിമുടക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമായി പറയുന്നത്.

ബഫർസോൺ ഉത്തരവ് നടപ്പായാൽ ഏറ്റവും കൂടുതൽ ബാധിക്കുന്ന ജില്ലകളിലൊന്നാണ് വയനാട്. ഇവിടെയാണ് അവസാന ദിവസമായിട്ടും ഫീൽഡ് സർവേ പൂർത്തിയാക്കാൻ കഴിയാത്തത്. തിരുനെല്ലി പഞ്ചായത്തിൽ മാത്രമാണ് നടപടികൾ അന്തിമ ഘട്ടത്തിലെത്തിയത്. ബത്തേരി ഉൾപ്പടെയുള്ള മറ്റിടങ്ങളിൽ പകുതി സ്ഥലങ്ങളിൽ പോലും ഫീൽഡ് സർവേ പൂർത്തിയാക്കാനായില്ല.

ഇതിനായി പഞ്ചായത്ത് ഭരണസമിതികൾ വൊളണ്ടിയർമാരെ രംഗത്ത് ഇറക്കിയെങ്കിലും അസറ്റ് മാപ്പർ ആപ്പ് പ്രവർത്തിക്കാത്തതിനാൽ ഫീൽഡ് സർവേ മുടങ്ങി കിടക്കുകയാണ്. സെർവർ തകരാർ മൂലം ആപ്പ് ലോഗിൻ ചെയ്യാൻ പോലും പറ്റുന്നില്ലെന്നാണ് ഉയരുന്ന പരാതി. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തത് നടപടികൾ വൈകാൻ ഇടയാക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.

അതേസമയം വിവിധ പഞ്ചായത്തുകൾ ഫീൽഡ് സർവേ പൂർത്തിയാക്കാൻ സർക്കാരിനോട് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബഫർ സോണുമായി ബന്ധപ്പെട്ട് ജില്ലയിൽ പതാനായിരക്കണക്കിന് പരാതികളാണ് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here