കോട്ടയം : രാമപുരം മാനത്തൂരിൽ അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി. വാഹനത്തിൽ ഉണ്ടായിരുന്ന 17 അയ്യപ്പഭക്തർക്ക് പരിക്കേറ്റു. മൂന്നുപേരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആഞ്ച് പേരുടെ പരിക്ക് ഗുരുതരമാണ്.
വെളളിയാഴ്ച അർദ്ധരാത്രി ഒന്നിന് ശേഷം തൊടുപുഴ-പാലാ ഹൈവേയിലായിരുന്നു അപകടം. തമിഴ്നാട്ടിലെ വെല്ലൂരിൽ നിന്നും ശബരിമലയിലേക്ക് വന്ന അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ തിട്ടയിൽ ഇടിച്ച് ബസ് മറിയുകയായിരുന്നു. ജനൽ ചില്ല് തകർന്ന് പുറത്തേക്ക് തെറിച്ചവർക്കാണ് പരിക്കേറ്റത്.
നാട്ടുകാർ വിവരം അറിയിച്ചതോടെ രാമപുരം പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. പാലാ ഹൈവേ പൊലീസ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.