ആറാമത്തെ വയസ്സിലാണ് സുനു സാബുവിനെ ടൈപ്പ്-1 പ്രമേഹം പിടികൂടുന്നത്. ഇൻസുലിൻ പമ്പ് ശരീരത്തിൽ ഘടിപ്പിച്ചാണ് പിന്നീടങ്ങോട്ടുള്ള സുനുവിന്റെ ജീവിതം. ശരീരത്തിൽ ഇൻസുലിൻ പമ്പ് വെച്ച് നൃത്തം ചെയ്യൽ തുടക്കത്തിൽ സുനുവിന് വളരെ പ്രയാസം ആയിരുന്നു. പക്ഷെ നൃത്തം അഭിനിവേശം ആയിരുന്ന സുനു പതിയെ ആ വെല്ലു വിളിയെ മറികടന്നു.
പ്രമേഹത്തോട് പൊരുതി നൃത്തം പഠിച്ചു പതിയെ വേദികൾ കീഴടക്കി തുടങ്ങി. റവന്യു ജില്ലാ കലോത്സവത്തിൽ കേരള നടനത്തിലും കുച്ചുപ്പുടിയിലും എ ഗ്രേഡ്. അന്ന് മകളുടെ നേട്ടത്തിൽ സന്തോഷിക്കുമ്പോളും അമ്മ അനുവിന്റെ മനസ്സിൽ വേവലാതിയായിരുന്നു. സംസ്ഥാന സ്കൂൾ കലോത്സത്തിൽ രണ്ട് ഇനങ്ങളിൽ മത്സരിക്കാൻ ഉള്ള പണം എങ്ങനെ ഉണ്ടാക്കും എന്നത് ആയിരുന്നു അനുവിന്റെ മനസ്സിൽ.
സുനുവിന് മരുന്നിനു തന്നെ മാസം നല്ലൊരു തുക വേണം. മകൾക്ക് നൃത്ത പരിശീലനത്തിന് ഉള്ള പണം മാറ്റിവെക്കുന്നത് തന്നെ ഏറെ ഞെരുങ്ങിയാണ്. ഒടുവിൽ കടം വാങ്ങിച്ച പണവുമായാണ് സുനുവിനെയും കൊണ്ട് അമ്മ അനു കോഴിക്കോട്ടേക്ക് വണ്ടി കയറിയത്. കുച്ചുപ്പുടിയിൽ എ ഗ്രേഡ് നേടി.
വെള്ളിയാഴ്ച്ച നടക്കുന്ന കേരള നടനത്തിലും മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിയുമെന്നാണ് സുനുവിന്റെ പ്രതീക്ഷ. നല്ലൊരു നർത്തകിയാവണം എന്ന് തന്നെയാണ് ആഗ്രഹവും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും മകളുടെ സ്വപ്നങ്ങളെ അണയാതെ കാക്കാനുള്ള പരിശ്രമത്തിലാണ് ആ അമ്മ.