എഴുത്തുകാരനും ചലച്ചിത്രകാരനുമായ ജോയ് മാത്യുവിന്റെ മകൾ ആൻ എസ്തർ വിവാഹിതയായി. എഡ്വിനാണ് വരൻ. പള്ളിയിൽ വച്ച് ലളിതമായ ചടങ്ങുകളോട് കൂടിയായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. പിന്നീട് നടന്ന വിവാഹ റിസപ്ഷനിൽ ലാൽ, രൺജി പണിക്കർ, സിദ്ദീഖ്, ഇന്ദ്രൻസ് തുടങ്ങി നിരവധി സിനിമാ താരങ്ങൾ അതിഥികളായി എത്തി.
സരിതയാണ് ജോയ് മാത്യുവിന്റെ ഭാര്യ. മാത്യു, ആൻ, തന്യ എന്നിങ്ങനെ മൂന്ന് മക്കളാണ് ഇവർക്ക്. 2019ലാണ് മൂത്ത മകൻ മാത്യു ജോയ് വിവാഹിതനാകുന്നത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മകളെ കൈപിടിച്ച് പള്ളിയിലേക്ക് കൊണ്ടു പോകുന്ന ജോയ് മാത്യുവിനെ ദൃശ്യങ്ങളിൽ കാണാം.
ഹെവൻ എന്ന ചിത്രത്തിലാണ് ജോയ് മാത്യു അവസാനം അഭിനയിച്ചത്. 1921 പുഴ മുതൽ പുഴ വരെ എന്ന അലി അക്ബർ ചിത്രമാണ് പുതിയ പ്രോജക്ട്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചാവേർ സിനിമയ്ക്ക് തിരക്കഥ എഴുതുന്നതും ജോയ് മാത്യുവാണ്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ നായകൻ.
സംവിധായകൻ, തിരകഥാകൃത്ത്,നടൻ എന്നീ നിലകളിൽ ശ്രദ്ധ നേടിയ താരമാണ് ജോയ് മാത്യു. 1986 ൽ പുറത്തിറങ്ങിയ ‘അമ്മ അറിയാൻ’ എന്ന ചിത്രത്തിലൂടെയാണ് ജോയ് മാത്യു സുപരിചിതനാകുന്നത്. പിന്നീട് 2012 ലാണ് ‘ഷട്ടർ’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. നാടകകൃത്ത് കൂടിയായ ജോയ് മാത്യു ഇരുപ്പത്തിരണ്ടോളം നാടകങ്ങൾ രചിച്ചിട്ടുണ്ട്.