ദില്ലി: കുറച്ചു വർഷങ്ങൾ ഉപയോഗിച്ച ശേഷം നമ്മൾ വലിച്ചെറിയുന്ന പല വസ്തുക്കളും പല രീതിയിൽ ഉപയോഗിക്കാൻ കഴിയും. ഇതിന് ഒരു ഉദാഹരണമാണ് 16 വയസ്സുകാരനായ നിർവാൺ ആരംഭിച്ച പ്രൊജക്റ്റ് ജീൻസ് എന്ന സംരംഭം. ദില്ലിയിലെ മഞ്ഞുകാലത്തെ ഏറ്റവും വേദനിപ്പിക്കുന്ന കാഴ്ചയാണ്, കുത്തുന്ന തണുപ്പിൽ വെറും നിലത്ത് ഒരു കമ്പിളിക്കുള്ളിൽ ചുരുളേണ്ടി വരുന്നവരുടെ. പതിനാറുവയസ്സുകാരൻ നിർവ്വാണിനെയും ഈ കാഴ്ച അസ്വസ്ഥനാക്കിയിരുന്നു.
ഉപയോഗിച്ച് വലിച്ചെറിയുന്ന ജീൻസ്, തെരുവിലുള്ളവർക്ക് ഉപയോഗിക്കാവുന്ന തരത്തിലേക്ക് മാറ്റണമെന്ന ചിന്തയാണ് തുടക്കം. ഫാഷൻ ഡിസൈനറായ അമ്മയുടെ വർക്ക്ഷോപ്പ് വീടിന് തൊട്ടടുത്തുണ്ടായിരുന്നത് കാര്യങ്ങൾ എളുപ്പമാക്കി. പഴകിയ ജീൻസ് വലിച്ചെറിയാതെ തനിക്ക് തരണമെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒരു അഭ്യർത്ഥനയും നടത്തി. അങ്ങനെ നിർവാൺ ഡിസൈൻ ചെയ്ത ജീൻസ് സ്ലീപിംഗ് ബാഗുകൾ ഉണ്ടായി.
രണ്ടരക്കിലോ ഭാരമുള്ള ഒരു ബാഗുണ്ടാക്കാൻ 800 രൂപ ചിലവ് വരും ജീൻസ് കഴുകി ഉണക്കി വെട്ടിയെടുത്ത് തുന്നിച്ചേർക്കുകയാണ് ചെയ്യുന്നത്. തെരുവിലുറങ്ങുന്നവരെ സഹായിക്കാൻ ആഗ്രഹിക്കുന്നവർ നിർവാണിന് ഓർഡർ നൽകും. ആവശ്യമെങ്കിൽ ബാഗുകൾ തെരുവിൽ വിതരണം ചെയ്യാനും തയ്യാറാണ്. തന്റെ ആശയത്തിനൊപ്പം നിൽക്കാൻ ആളും സഹായവുമുണ്ട് എന്നതിന്റെ ആശ്വാസത്തിലാണ് ഈ പതിനൊന്നാം ക്ലാസുകാരൻ.