കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്താനിരിക്കെ മഹാരാഷ്ട്ര സർക്കാർ അക്കൽകോട്ടിലെ 11 ഗ്രാമങ്ങൾക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കര്‍ണാടകയുമായി ലയിക്കണമെന്ന് ആവശ്യവുമായി പ്രമേയം പാസാക്കിയതിന്റെ പിന്നിലെ കാരണം വ്യക്തമാക്കാനാണ് ഗ്രാമങ്ങളോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, ഈ 11 ഗ്രാമങ്ങളില്‍ 10 ഗ്രാമങ്ങള്‍ തങ്ങളുടെ പ്രമേയങ്ങള്‍ റദ്ദാക്കിയതായും മഹാരാഷ്ട്രയില്‍ തുടരാന്‍ ആഗ്രഹിക്കുന്നതായും സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ‘കര്‍ണാടകയില്‍ ലയിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ അക്കല്‍കോട് താലൂക്കിലെ 11 ഗ്രാമങ്ങള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ ഗ്രാമങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്’ എന്ന് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ സച്ചിന്‍ ഖുഡെ ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിക്കവെ പറഞ്ഞു.
ഗ്രാമങ്ങള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുന്നുണ്ടെന്ന് കാരണം കാണിക്കല്‍ നോട്ടീസില്‍ പരാമര്‍ശിക്കുന്നുണ്ട്, സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നതിന് പകരം ഗ്രാമങ്ങള്‍ ഇത്തരമൊരു പ്രമേയം പാസാക്കിയത് എന്തുകൊണ്ടാണെന്നും ഖുഡെ ചോദിച്ചു. കാരണം കാണിക്കല്‍ നോട്ടീസില്‍ ചൊവ്വാഴ്ചയോടെ 10 ഗ്രാമങ്ങള്‍ മറുപടി നല്‍കിയതായി ഖുഡെ പറഞ്ഞു.
11 ഗ്രാമപഞ്ചായത്തുകളില്‍ 10 എണ്ണം തങ്ങളുടെ പ്രമേയങ്ങള്‍ റദ്ദാക്കിയതായും മഹാരാഷ്ട്രയില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. എന്നാല്‍ 11-ാം ഗ്രാമപഞ്ചായത്തിന്റെ തലവന്‍ സ്ഥലത്തില്ലെന്നാണ് അവര്‍ പറഞ്ഞതെന്ന് ഖുഡെ പറഞ്ഞു.
11 ഗ്രാമപഞ്ചായത്തുകളും തങ്ങളുടെ പ്രമേയങ്ങള്‍ പിന്‍വലിച്ചതായി അക്കല്‍കോട്ട് എംഎല്‍എ സച്ചിന്‍ കല്യാണ്‍ഷെട്ടിയും പറഞ്ഞു. ”ഞാന്‍ ഇതുസംബന്ധിച്ച് അവരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇന്നലെയും അവരുമായി കൂടിക്കാഴ്ച നടത്തുകയും അതത് ഗ്രാമങ്ങളില്‍ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചും പ്രവൃത്തികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. പ്രമേയം പിന്‍വലിക്കാന്‍ എല്ലാവരും സമ്മതിക്കുകയും അത് സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്,’ എന്ന് കല്യാണ്‍ഷെട്ടി പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങളില്‍ പ്രധാനമായും റോഡുകളെക്കുറിച്ചാണ് ഗ്രാമവാസികള്‍ പരാതിപ്പെടുന്നതെന്ന് കല്യാണ്‍ഷെട്ടി പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു. കൂടാതെ, കാലവര്‍ഷം വൈകിയതിനാല്‍ ഈ പ്രദേശത്ത് കറുത്ത പരുത്തി മണ്ണ് നിറഞ്ഞിരിക്കുകയാണെന്നും അതിനാല്‍ റോഡ് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
”എനിക്ക് ലഭിച്ച വിവരമനുസരിച്ച് 10 ഗ്രാമപഞ്ചായത്തുകള്‍ ഇതിനകം അവരുടെ പ്രമേയം പിന്‍വലിച്ചിട്ടുണ്ട്”- കര്‍ണാടകയില്‍ ലയിക്കാന്‍ ആഗ്രഹിക്കുന്ന 11 പഞ്ചായത്തുകളിലൊന്നായ അഗ്ലേഗാവിന്റെ തലവന്‍ മാന്റസ് ഹതുര്‍ പറഞ്ഞു. തങ്ങളുടെ ഗ്രാമപഞ്ചായത്ത് പിരിച്ചുവിടുമെന്ന് സര്‍ക്കാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് മിക്ക ഗ്രാമപഞ്ചായത്തുകളും അവരുടെ പ്രമേയം പിന്‍വലിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നല്ല റോഡ്, വെള്ളം, വൈദ്യുതി, ആരോഗ്യ സൗകര്യങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തന്റെ ഗ്രാമപഞ്ചായത്ത് കര്‍ണാടകയില്‍ ലയിപ്പിക്കാനുള്ള പ്രമേയം പാസാക്കിയതെന്ന് ഹതുര്‍ പറഞ്ഞു.
അതേസമയം, സാംഗ്ലി ജില്ലയിലെ ജാട്ട് താലൂക്കിന് വേണ്ടി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് പോലെ തങ്ങളുടെ ഗ്രാമത്തിനും പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷയിലാണ് ഗ്രാമങ്ങള്‍ ഇത്തരമൊരു പ്രമേയം പാസാക്കിയതെന്ന് കല്യാണ്‍ഷെട്ടി പറഞ്ഞു.