റാവല്‍പിണ്ടി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനലിലെത്താന്‍ ഇന്ത്യക്ക് വഴി തെളിയുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന്‍ തോല്‍വി വഴങ്ങിയതാണ് ഇന്ത്യയുടെ സാധ്യത വര്‍ധിപ്പിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് ടേബിളില്‍ നിലവില്‍ ഇന്ത്യ നാലാമതും പാക്കിസ്ഥാന്‍ അഞ്ചാമതുമാണ്. ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്.
ഇംഗ്ലണ്ടിനെതിരെ ഇപ്പോള്‍ നടക്കുന്ന മൂന്ന് മത്സര പരമ്പരക്ക് പുറമെ വരും മാസങ്ങളില്‍ ന്യൂസിലന്‍ഡിനെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് പാക്കിസ്ഥാന് ബാക്കിയുള്ളത്. ഇന്ത്യക്കാകട്ടെ ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റും അടുത്തവര്‍ഷം ഫെബ്രുവരിയില്‍ ഓസ്ട്രേലിയക്കെതിരെ നാലു ടെസ്റ്റും കളിക്കാനുണ്ട്. ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്ക് ആകട്ടെ നിലവില്‍ നടക്കുന്ന പരമ്പരില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒരു ടെസ്റ്റും ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് ടെസ്റ്റും കളിക്കാനുണ്ട്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര തൂത്തുവാരുകയും ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് ടെസ്റ്റുകളെങ്കിലും ജയിച്ച് പരമ്പര നേടുകയും ചെയതാല്‍ ഓസ്ട്രേലിയക്ക് ഫൈനലിലെത്താം. ഇന്ത്യക്കാകട്ടെ ബംഗ്ലാദേശിനെതിരെ പരമ്പര തൂത്തുവാരുകയും ഓസ്ട്രേലിയക്കെതിരായ പരമ്പര 3-1ന് സ്വന്തമാക്കുകയും ചെയ്താല്‍ ഫൈനലിന് യോഗ്യത നേടാനാവും. ബംഗ്ലാദേശിനെതിരായ പരമ്പര തൂത്തുവാരിയില്ലെങ്കില്‍ ഇന്ത്യക്ക് ഓസ്ട്രേലിയക്കെതിരെ 4-0 വിജയം നേടേണ്ടിവരും.
നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കക്കും മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കക്കും ഓരോ പരമ്പരകള്‍ വീതമാണ് ബാക്കിയുള്ളത്. ദക്ഷിണാഫ്രിക്കക്ക് ഓസ്ട്രേലിയക്കെതിരെയും ശ്രീലങ്കക്ക് ന്യൂസിലന്‍ഡിനെതിരെുമാണ് പരമ്പരകളുള്ളത്. ഈ പരമ്പരകളുടെ ഫലം നിര്‍ണായകമാകുമെങ്കിലും ഇരു ടീമുകള്‍ക്കും ഇത് എവേ പരമ്പരകളാണെന്നത് ഇന്ത്യയുടെ സാധ്യത കൂട്ടുന്നു.