ദില്ലി: ഗാസിയാബാദിലെ റാഡിസൺ ബ്ലൂ ഹോട്ടലിന്റെ ഉടമ അമിത് ജെയിനിനെ ശനിയാഴ്ച വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ദില്ലിയിലെ കോമൺവെൽത്ത് ഗെയിംസ് വില്ലേജിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് ശേഷമാണ് സംഭവത്തെക്കുറിച്ച് അറിയുന്നതെന്ന് പൊലീസ് പറഞ്ഞു. നോയിഡയിലെ പുതിയ വീട്ടിൽനിന്ന് പ്രഭാതഭക്ഷണം കഴിച്ച ശേഷം അമിത് കോമൺഗെയിംസ് വില്ലേജിലെ വീട്ടിലേക്ക് സ്വന്തം കാറോടിച്ചെത്തി. മകനെയും സഹോദരൻ കരണിനെ ഗായിസാബാദിലെ ഓഫിസിൽ ഇറക്കിയ ശേഷമാണ് അമിത് വീട്ടിലെത്തിയത്. ജെയിനിന്റെ മകനും ഡ്രൈവറും സാധനങ്ങൾ എടുക്കാൻ വീട്ടിലെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അമിതിനെതിരെ ഇതുവരെ മറ്റ് ആരോപണങ്ങളൊന്നും ഉയർന്നിട്ടില്ല. സംഭവത്തിൽ സാമ്പത്തിക പ്രശ്‌നങ്ങൾ ഉൾപ്പെടെ വിവിധകാര്യങ്ങൾ അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അമിത്തിന്റെ കുടുംബാംഗങ്ങളുമായി പൊലീസ് സംസാരിച്ചു.