ഫുട്ബോൾ ലോകകപ്പ് ജേതാക്കൾക്ക് സമ്മാനിക്കാനുള്ള ട്രോഫിയും ഖത്തറിലെത്തി. ലോകകപ്പിന് യോഗ്യത നേടിയ 32 രാജ്യങ്ങളിലും പര്യടനം നടത്തിയാണ് 20 മില്യൺ ഡോളർ മൂല്യമുള്ള ട്രോഫി വേദിയിലേക്കെത്തിയത്. ഇറ്റലി ലോകകപ്പിന് യോഗ്യത നേടിയിട്ടില്ലെങ്കിലും ഖത്തറിലെ ഒരു ഇറ്റാലിയൻ കുടുംബം ട്രോഫിയെ വരവേൽക്കാനെത്തിയിരുന്നു. 1971-ൽ ഇറ്റലിയിലെ മിലാൻ സ്വദേശിയായ കലാകാരൻ സിൽവിയോ ഗസ്സാനിഗയാണ് ഇന്ന് കാണുന്ന രൂപത്തിലുള്ള കിരീടം രൂപപ്പെടുത്തിയത്. മൂന്ന് തവണ കിരീടം നേടിയ ബ്രസീലിന് പഴയ കിരീടമായ യൂൾസ് റിമെ ട്രോഫി നിലനിർത്താൻ അനുമതി നൽകിയശേഷമാണ് പുതിയ കിരീടം നിർമിച്ചത്. ഫിഫയുടെ മൂന്നാം പ്രസിഡന്റിനോടുള്ള ബഹുമാനാർഥമായിരുന്നു യൂൾസ് റിമെ ട്രോഫി എന്ന പേര് നൽകിയിരുന്നത്.