വില കുതിച്ച് കയറുമ്പോഴും സർക്കാരിന് കാര്യമായിട്ടൊന്നും ചെയ്യാനാവുന്നില്ലെന്ന് ആരോപണവും ഉയരുന്നുണ്ട്. രണ്ടാഴ്ചക്കിടയിൽ അരിക്ക് ക്വിന്റലിന് 300 മുതൽ 500 രൂപ വരെയാണ് മൊത്തവിലയിൽ വർധനവ് ഉണ്ടായത്. ചില്ലറവില കിലേക്ക് 10 മുതൽ 12 രൂപവരെ കൂടി. കുത്തക കമ്പനികൾ അവരുടെ ഔട്ട്‍ലറ്റുകൾ വഴി വിൽക്കാൻ അരിയും ഭക്ഷ്യവസ്തുക്കളും മൊത്തം ശേഖരിക്കുന്നതാണ് വില അനിയന്ത്രിതമായി വർധിക്കാൻ കാരണമായി പറയുന്നത്. കയറ്റുമതി വർധിച്ചതും ഈ സാധനങ്ങളുടെ വില കൂടാൻ കാരണം ആണ്.
തിരുവനന്തപുരത്ത് ആഴ്ചകൾക്ക് മുമ്പ് 46 രൂപയായിരുന്ന ജയ അരിക്ക് ചില്ലറവിപണിയിൽ 58 രൂപയായി. 45 രൂപയായിരുന്ന ഒരു കിലോ മട്ടക്ക് (ലൂസ്) 59 രൂപയായി. പച്ചരിക്കും ഡൊപ്പിയരിക്കും രണ്ടു മുതൽ നാലു രൂപ വരെ കൂടി. വിൽപന 60 ശതമാനത്തോളം കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. ഗുണനിലവാരമുള്ള റേഷനരി ലഭിക്കുന്നതാണ് ഇപ്പോഴുള്ള ആശ്വാസം. അതേ സമയം കേരളത്തിന് ആവശ്യമുള്ളത്ര അരി ലഭ്യം ആക്കുമെന്ന് ആന്ധ്രസർക്കാർ ഉറപ്പുനൽകിയതായും ഇതിനായി ജയ അരി ഉൽപാദനം വര്‍ധിപ്പിക്കാന്‍ ആന്ധ്ര തീരുമാനിച്ചതായും മന്ത്രി അനിൽ അറിയിച്ചു.