ഷിംല: വരാനിരിക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബി ജെ പിയും കോണ്‍ഗ്രസും. ബി ജെ പി 62 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ 46 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ആണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബി ജെ പിയില്‍ സിറ്റിംഗ് എം എല്‍ എമാരില്‍ പലരേയും ഒഴിവാക്കിയപ്പോള്‍ കോണ്‍ഗ്രസില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി ലിസ്റ്റിലെ 19 പേര്‍ സിറ്റിംഗ് എം എല്‍ എമാരാണ്. ഹിമാചല്‍ മുഖ്യമന്ത്രി ജയറാം താക്കൂര്‍ സെറാജ് മണ്ഡലത്തിലും എം എല്‍ എ അനില്‍ ശര്‍മ മാണ്ഡിയിലും സത്പാല്‍ സിംഗ് സത്തി ഉനയിലും ജനവിധി തേടും.
സംസ്ഥാനത്ത് പട്ടികവര്‍ഗ വിഭാഗത്തിന് മൂന്ന് സീറ്റുകള്‍ ആണ് സംവരണം ചെയ്തിരിക്കുന്നത്. എന്നാല്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് എട്ട് സ്ഥാനാര്‍ത്ഥികളെയാണ് ബി ജെ പി മത്സരിപ്പിക്കുന്നത്. ബി ജെ പിയുടെ ആദ്യഘട്ട ലിസ്റ്റില്‍ അഞ്ച് വനിതകളും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രഖ്യാപിച്ച 62 സ്ഥാനാര്‍ത്ഥികളില്‍ മൂന്നില്‍ രണ്ട് ഭാഗവും ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളുമാണ്.
അതേസമയം 19 സിറ്റിംഗ് എം എല്‍ എമാരെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയ കോണ്‍ഗ്രസില്‍ നിന്ന് മൂന്ന് വനിതകളാണ് മത്സരിക്കുന്നത്. ആദ്യ ലിസ്റ്റില്‍ പാര്‍ട്ടി ടിക്കറ്റ് നിഷേധിക്കപ്പെട്ട ഏക സിറ്റിംഗ് എം എല്‍ എ കിന്നൗര്‍ എം എല്‍ എയായ ജഗത് സിംഗ് നേഗിയാണ്. കിന്നൗര്‍ നിയമസഭാ മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.