തിരുവനന്തപുരം: വഞ്ചിയൂർ കുടുംബകോടതി പരിസരത്ത് വിവാഹ മോചനത്തിനെത്തിയവരുടെ ബന്ധുക്കൾ തമ്മിലടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വിവാഹ മോചനവുമായി ബന്ധപ്പെട്ടുള്ള പ്രശ്നം പറയുന്നതിനിടെയാണ് കാരോട് സ്വദേശികളായ ദമ്പതികളുടെ ബന്ധുക്കൾ തമ്മിൽ വാക്ക് തർക്കവും തുടർന്ന് തമ്മിൽത്തല്ലും നടന്നത്.
സംഭവം കണ്ടുനിന്നവരാണ് വഞ്ചിയൂർ പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസെത്തി ഇരുകൂട്ടരെയും സ്റ്റേഷനിലെത്തിച്ചു. അവിടെ വച്ച് പ്രശ്നം പരിഹരിച്ച് ഇവർ മടങ്ങി. ഇരുകൂട്ടരും പരാതിയും നൽകിയില്ല.
എന്നാൽ കോടതി പരിസരത്ത് തമ്മിൽത്തല്ലിയ സംഭവത്തിൽ ബന്ധുക്കളും കാരോട് സ്വദേശികളായ ടിന്റു, സുരേഷ് എന്നിവർക്കെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു. ഇവരുടെ അറസ്റ്റും രേഖപ്പെടുത്തി. തുടർന്ന് ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. അടിപിടി കേസാണ് ഇവർക്കതിരെ ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.