പാന്‍ ഇന്ത്യന്‍ നിരയിലേക്ക് ദുല്‍ഖര്‍ സല്‍മാന്‍

0
86

സീതാ രാമം ഹിന്ദി പതിപ്പ് നേടിയ വലിയ അഭിപ്രായത്തിനു പിന്നാലെ ഇപ്പോഴിതാ ദുല്‍ഖറിന്‍റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രവും റിലീസിന് ഒരുങ്ങുകയാണ്. ആര്‍ ബല്‍കി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. സണ്ണി ഡിയോള്‍ ആണ് ദുല്‍ഖറിനൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റിലീസ് 23 ന് ആണെങ്കിലും ചിത്രത്തിന്‍റെ പ്രിവ്യൂ കൊച്ചിയുള്‍പ്പെടെ ഇന്ത്യയിലെ പല നഗരങ്ങളിലും നടന്നു. നിരൂപകര്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കുമല്ലാതെ, സാധാരണ സിനിമാപ്രേമികള്‍ക്കുവേണ്ടിയാണ് പ്രിവ്യൂ നടത്തിയത് എന്നത് കൌതുകമായിരുന്നു. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനങ്ങള്‍ക്കു ശേഷം ലഭിക്കുന്നത്. ചിത്രത്തെ പ്രശംസിക്കുന്നവര്‍ ദുല്‍ഖറിന്‍റെ പ്രകടനത്തെയും ഏറെ പുകഴ്ത്തുന്നുണ്ട്.

ഛുപ് വിജയിക്കുന്നപക്ഷം കരിയറിന്‍റെ അടുത്തൊരു ഘട്ടത്തിലേക്ക് ദുല്‍ഖര്‍ പ്രവേശിക്കുമെന്നാണ് ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിലയിരുത്തല്‍. അതാത് ഭാഷകളിലെ സൂപ്പര്‍താര ചിത്രങ്ങളുടെ ഉയര്‍ന്ന ബജറ്റ് പരിഗണിക്കുമ്പോള്‍, ഏറെ ബുദ്ധിപൂര്‍വ്വം സ്ക്രിപ്റ്റ് തെരഞ്ഞെടുത്ത് മുന്നോട്ടുപോകുന്ന ദുല്‍ഖറിന്‍റെ യാത്ര ശരിയായ ദിശയിലാണെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. പാന്‍ ഇന്ത്യന്‍ താരം എന്ന വിശേഷണം ദുല്‍ഖറിന് ഇന്നൊരു ഏച്ചുകെട്ടല്‍ അല്ല.

നാല് ഭാഷകളിലായി നാല് സിനിമകളാണ് ഒറ്റ വര്‍ഷത്തിനുള്ളില്‍, വെറും ഒന്‍പത് മാസത്തിനുള്ളില്‍ ദുല്‍ഖറിന്‍റേതായി പുറത്തെത്തിയത്.  കരിയര്‍ ആരംഭിച്ച് പത്ത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ബുദ്ധിപൂര്‍വ്വം നടത്തിയ പരിശ്രമത്തിന്‍റെ വിളവ് കൊയ്യുകയാണ് ദുല്‍ഖര്‍. പാന്‍ ഇന്ത്യന്‍ യുവതാരം എന്ന വിശേഷണം ഒട്ടും ഏച്ചുകെട്ടല്‍ ആവാതെ ധരിക്കാനുള്ള യോഗ്യതയാണ് അദ്ദേഹം ഇക്കാലയളവിനുള്ളില്‍ നേടിയെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here