ഘാനയിലെ അക്രയിൽ മൃഗശാലയുടെ വളപ്പിനകത്ത് കയറിയ ഒരാളെ സിംഹം കടിച്ചുകീറി കൊന്നു. സംഭവത്തിൽ അധികൃതർ അന്വേഷണം നടത്തി വരികയാണ്. ഞായറാഴ്ചയാണ് സംഭവം നടന്നത്. മധ്യവയസ്കനായ ഇയാൾക്ക് സിംഹത്തിന്റെ അക്രമത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും പിന്നാലെ മരിക്കുകയും ചെയ്യുകയായിരുന്നു.
ഇതിനകത്തുള്ള അപൂർവമായ വെളുത്ത രണ്ട് സിംഹക്കുട്ടികളെ മോഷ്ടിക്കാൻ ഇയാൾ പദ്ധതിയിട്ടിരിക്കാം എന്നും അതിനായിട്ടാവണം ഇയാൾ അകത്ത് കയറിയത് എന്നുമാണ് അധികൃതർ സംശയിക്കുന്നത്. കഴിഞ്ഞ നവംബറിൽ ജനിച്ചത് മുതൽ അവ വലിയ ശ്രദ്ധയാകർഷിക്കുന്നുണ്ട്. വളരെ കുറച്ച് വെളുത്ത സിംഹങ്ങൾ മാത്രമാണ് ഇന്ന് ലോകത്തിൽ ആകെ അവശേഷിച്ചിരിക്കുന്നത്.
സംഭവം നടക്കുമ്പോൾ ഒരു ആൺസിംഹവും ഒരു പെൺസിംഹവും രണ്ട് കുഞ്ഞുങ്ങളുമാണ് അതിന്റെ അകത്ത് ഉണ്ടായിരുന്നത്. ‘സിംഹങ്ങൾക്ക് കുഞ്ഞുങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആരെങ്കിലും അടുത്ത് ചെല്ലുമ്പോൾ കുഞ്ഞുങ്ങളെ എടുത്തു കൊണ്ടുപോകാൻ ആണെന്ന് കരുതുകയും അവരെ ഉപദ്രവിക്കുകയും ചെയ്തേക്കാം. ഇതുപോലെയുള്ള എന്തെങ്കിലും കാര്യങ്ങൾ ചെയ്യുന്നതിൽ നിന്നും പൊതുജനങ്ങളെ വിലക്കിയിരിക്കയാണ്’ എന്ന് ലാൻഡ്സ് ആൻഡ് നാച്ചുറൽ റിസോഴ്സസ്, ഡെപ്യൂട്ടി മിനിസ്റ്റർ ബെനിറ്റോ ഒവുസു ബയോ പറഞ്ഞു.