തിരുവനന്തപുരം: മധു വധക്കേസില്‍ നീതി നടപ്പാക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കും. സാക്ഷികള്‍ക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ 16 പേരെ അറസ്റ്റ് ചെയ്ത് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ ഇതുവരെ ഒരു അലബാവവും പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ജാഗ്രതയോടെയാണ് പ്രോസിക്യൂഷന്‍ കാര്യങ്ങള്‍ ചെയ്തത്. നാടിന് മുഴുവന്‍ അപമാനകരമായ കാര്യമാണ് മധുകൊലക്കേസിലും നടന്നിട്ടുള്ളത്. കേസിനെ ഗൗരവമായിട്ടാണ് കാണുന്നത്. സാക്ഷികള്‍ കോടതിയില്‍ വരുമ്പോഴും പോകുമ്പോഴും പൊലീസ് അകമ്പടി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ കഴിഞ്ഞദിവസം ഒരാള്‍ അറസ്റ്റിലായിരുന്നു. മധുക്കേസില്‍ പ്രതിയായ മുക്കാലി സ്വദേശി അബ്ബാസ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി മധുവിന്റെ അമ്മയും സഹോദരിയും പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ഇയാളുടെ ഡ്രൈവറും ബന്ധുവുമായ ഷിഫാനെ പൊലീസ് പിടികൂടിയത്. ഒന്നാം പ്രതി അബ്ബാസ് ഇപ്പോഴും ഒളിവിലാണ്