തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് സൗജന്യ പൊങ്കാല കിറ്റ് വിതരണം ചെയ്‌ത് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇന്നലെ രാവിലെ യാത്രയ്ക്കിടയിൽ സമരവേദിയിൽ സുരേഷ് ഗോപി എത്തിയിരുന്നു. അവിടെ വച്ചാണ് പൊങ്കാല കിറ്റ് എത്തിക്കാമെന്ന് അദ്ദേഹം ആശാ പ്രവർത്തകർക്ക് വാക്ക് നൽകിയത്. ഈ വാഗ്‌ദാനമാണ് മന്ത്രി പാലിച്ചിരിക്കുന്നത്.
ഇന്നലെ വൈകീട്ടോടെ തന്നെ പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ നൂറോളം പേർക്കുള്ള അരി, ശർക്കര, വാഴക്കുല, തേങ്ങ എന്നിവ സമരവേദിയിൽ എത്തിച്ചു നൽകുകയായിരുന്നു. ആശമാരുടെ സമരത്തിൽ തുടക്കം മുതൽ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള ആളുകളിൽ ഒരാളാണ് സുരേഷ്. അതിന്റെ ഭാഗമായാണ് ഏറ്റവും ഒടുവിൽ ഇന്നത്തെ പൊങ്കാല ചടങ്ങിൽ പങ്കെടുക്കാൻ ആശമാർക്ക് സൗജന്യമായി കിറ്റ് വിതരണവും അദ്ദേഹം നടത്തിയത്.
വർഷങ്ങളായി തുടരുന്ന സാമൂഹിക പ്രവർത്തനം തന്നെയാണ് ആശമാരുടെ കാര്യത്തിലും താൻ ചെയ്യുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞത്. കേന്ദ്രമന്ത്രിയായ ശേഷം പാർട്ടിയുടെ പിന്തുണയും തനിക്ക് ഒപ്പമുണ്ട്. സമരത്തിൽ സംസ്ഥാന സർക്കാരിനെയോ മറ്റാരെയുമോ കുറ്റപ്പെടുത്താനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സമരം ഉടൻ ഒത്തുതീർപ്പാക്കാൻ പണം കായ്ക്കുന്ന മരമൊന്നും ആരുടെയും കൈയിലില്ല. എല്ലാത്തിനും അതിന്റെതായ സമയമെടുക്കും. രാഷ്ട്രീയ കലർപ്പില്ലാതെ ചെയ്യാൻ കഴിയുന്നത് മാത്രം താൻ ചെയ്യുന്നു. ആശമാർക്ക് അനുകൂലമായ രീതിയിൽ നല്ലത് സംഭവിക്കട്ടേയെന്ന നിലപാടാണ് തനിക്കുള്ളതെന്ന് പറഞ്ഞ സുരേഷ് ഗോപി, അതിന്റെ ഫല സൂചനകൾ കണ്ടുതുടങ്ങിയതായും പറഞ്ഞു
മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രധനമന്ത്രി നിർമല സീതാരാമനും തമ്മിലെ കൂടിക്കാഴ്‌ച കുറിച്ചുള്ള ചോദ്യത്തിന് സുരേഷ് ഗോപി മറുപടി നൽകി. അതിനെക്കുറിച്ച് എന്നോട് ഒന്നും ചോദിക്കരുത്, എന്റെ വഴി വേറെയാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഇന്നലെ രാവിലെ ആറ്റുകാൽ ക്ഷേത്ര ദർശനത്തിനായി എത്തിയതായിരുന്നു സുരേഷ്. ആറ്റുകാൽ പൊങ്കാലയ്ക്ക് മുന്നോടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര സന്ദർശനം.