രാമസേതു’ ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കണമോയെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സുപ്രിംകോടതിയിലാണ് സ്വാമി നിലപാടറിയിച്ചത്. തന്റെ ഹര്‍ജി സമര്‍പ്പിച്ചിട്ട് രണ്ട് പതിറ്റാണ്ടായി. പക്ഷേ ഇത് വരെ കേന്ദ്രസര്‍ക്കാര്‍ ഒരു മറുപടി പോലും നല്‍കിയിട്ടില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. സമയക്കുറവ് കാരണം ഫയലുകള്‍ വായിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കേസില്‍ വാദം കേള്‍ക്കുന്നത് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും എ എസ് ബൊപ്പണ്ണയും അടങ്ങുന്ന ബെഞ്ച് മാറ്റിവച്ചിരുന്നു.
‘ദേശീയ പൈതൃക സ്മാരകമായി രാമസേതുവിനെ പ്രഖ്യാപിക്കണോ വേണ്ടയോ എന്ന് കേന്ദ്രം സത്യവാങ്മൂലം നല്‍കണം. രണ്ട് പതിറ്റാണ്ടായി ഈ വിഷയം കോടതിയില്‍ കെട്ടിക്കിടക്കുകയാണ്. കേന്ദ്രം എതിര്‍ക്കുന്നുണ്ടെങ്കില്‍ അങ്ങനെയാകട്ടെ, കുറഞ്ഞത് ഒരു മറുപടിയെങ്കിലും നല്‍കണം’. സുബ്രഹ്മണ്യന്‍ സ്വാമി വാദിച്ചു. കേന്ദ്രത്തിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രിംകോടതിയില്‍ ഹാജരായി.
വിഷയത്തില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് കാണിക്കുകയാണെന്നും വിഷയം കോടതിയുടെ പരിഗണനയിലാണെന്നാണ് പറയുന്നതെന്നും സ്വാമി പറഞ്ഞു.