തിരുവനന്തപുരം:യൂത്ത് കോണ്‍ഗ്രസിന്റെ ഇരുചക്രവാഹന റാലിയില്‍ ആര്‍എസ്എസ് ഗണഗീതം അകമ്പടിയായത് വിവാദമാകുന്നു. ഡിസിസി സംഘടിപ്പിച്ച നവസങ്കല്‍പ് യാത്രയ്ക്ക് അഭിവാദ്യമര്‍പ്പിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ റാലി.ഇതിനിടെ അനൗണ്‍സ്മെന്റ് വാഹനത്തില്‍നിന്നാണ് റെക്കോഡ് ചെയ്ത ഗണഗീതം കേള്‍പ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.
റാലിയുടെ മുന്‍നിരയിലായിരുന്നു അനൗണ്‍സ്മെന്റ് വാഹനം.’കൂരിരുള്‍ നീങ്ങും പ്രഭാതമാകും വീണ്ടും ഭാരതമൊന്നാകും’ എന്നുതുടങ്ങുന്ന ഗണഗീതമാണ് കേള്‍പ്പിച്ചത്.ഗാനം റെക്കോര്‍ഡ് ചെയ്ത് ഉള്‍പ്പെടുത്തിയത് അറിയില്ലായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നീനോ അലക്‌സ് പറഞ്ഞു. ഇക്കാര്യത്തില്‍ സംഭവിച്ച വീഴ്ച ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം അറിയിച്ചു. സ്വകാര്യ സ്റ്റുഡിയോയില്‍ നല്‍കിയായിരുന്നു റാലിയിലെ അനൗണ്‍സ്‌മെന്റ് അറിയിപ്പ് റെക്കോര്‍ഡ് ചെയ്തത്.
ആര്‍എസ്എസ് ശാഖയില്‍ പാടുന്ന പാട്ടുകളാണ് ഗണഗീതങ്ങള്‍. ആര്‍എഎസ്എസിന്റെ ഗാനാജ്ഞലി എന്ന ഗാനശേഖരത്തിലെ പ്രധാന ഗാനമാണ് ഇവ. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകന്‍ ആയിരുന്ന പി.പരമേശ്വരന്‍ അടക്കമുള്ളവരാണ് ഗാനാഞ്ജലിയിലെ ഭൂരിഭാഗം പാട്ടുകളും രചിച്ചിട്ടുള്ളത്.ഈ ഗാനം എങ്ങനെ കോണ്‍ഗ്രസിന്റെ പദയാത്രയില്‍ എത്തിയെന്നാണ് സമൂഹ മാധ്യമങ്ങളില്‍ കോണ്‍ഗ്രസിനെതിരെ ഉയരുന്ന വിമര്‍ശനം. വിമര്‍ശനം ശക്തമായേതാടെ പാര്‍ട്ടി ഗ്രൂപ്പുകളില്‍ നിന്നടക്കം പരിപാടിയുടെ വീഡിയോകള്‍ നേതാക്കള്‍ ഇടപെട്ട് നീക്കം ചെയ്തു.