തൃശൂർ • ജില്ലയുടെ മലയോരമേഖലയിൽ കഴിഞ്ഞ ദിവസം നാശംവിതച്ചത് ഗസ്റ്റ്നാഡോ ചുഴലിക്കൊടുങ്കാറ്റാണന്നു സ്ഥിരീകരിച്ചതോടെ ജനം ആശങ്കയിൽ. മുന്നറിയിപ്പില്ലാതെയെത്തി കൊടുംനാശം വിതയ്ക്കുന്ന ഗസ്റ്റ്നാഡോയെക്കെതിരെ എന്തു മുൻകരുതൽ സ്വീകരിക്കുമെന്നറിയാത്തതാണു പ്രധാന ആശയക്കുഴപ്പം. കഴിഞ്ഞ വർഷവും സമാനമായ കാറ്റുവീശുകയും കനത്ത നാശമുണ്ടാകുകയും ചെയ്തിരുന്നു. എന്നാൽ, ഇതേപ്പറ്റി കൃത്യമായ പഠനങ്ങൾ നടക്കുന്നില്ലെന്നു മാത്രമല്ല, മുന്നറിയിപ്പു സംവിധാനവുമില്ല. ചേർപ്പ്, പുത്തൂർ മേഖലകളിലെ കാറ്റിനു പിന്നാലെ ചാവക്കാട്ടും അപ്രതീക്ഷിത ചുഴലിക്കാറ്റ് വീശിയിരുന്നു.
അതിശക്തമായ ഇടിമിന്നലിനോ പേമാരിക്കോ അകമ്പടിയായി വീശുന്നവയാണു ഗസ്റ്റ്നാഡോ ചുഴലിക്കാറ്റുകൾ. പകൽ നല്ല വെയിലും ഇളംകാറ്റുമുള്ള ചൂടൻ അന്തരീക്ഷത്തിൽപ്പോലും ഇവ അപ്രതീക്ഷിതമായി ആഞ്ഞുവീശാം. ഏതാനും സെക്കൻഡുകൾ മുതൽ 2 മിനിറ്റ് വരെ മാത്രമാണു ദൈർഘ്യം. എങ്കിലും മണിക്കൂറിൽ 80 മുതൽ 180 കിലോമീറ്റർ വരെ വേഗത്തിലാഞ്ഞടിക്കും. മരങ്ങൾ ചുറ്റിവളഞ്ഞ് ഒടിഞ്ഞു പറക്കും. വീടിന്റെ മേൽക്കൂര തകർന്നു തെറിക്കും. ആളപായത്തിനും സാധ്യതയേറെ. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലാണു പതിവായി ഗസ്റ്റ്നാഡോ വീശാറുള്ളത്. സാധാരണ ചുഴലിക്കാറ്റുമായി ഗസ്റ്റ്നാഡോയ്ക്കു സാമ്യം കുറവാണ്.
കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രതിഭാസമാണോ ജില്ലയിൽ ഇടയ്ക്കിടെ ചുഴലിക്കൊടുങ്കാറ്റുകൾ ഉണ്ടാകുന്നതിനു കാരണമെന്നു പഠിക്കാൻ പോലും കൃത്യമായ ശ്രമങ്ങൾ നടക്കുന്നില്ല. മുന്നറിയിപ്പു പോലും ലഭിക്കാത്തതിൽ ജനത്തിനും ആശങ്കയുണ്ട്. മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പു കൃത്യമായി കേന്ദ്രകാലാവസ്ഥാ മന്ത്രാലയം പുറപ്പെടുവിക്കുന്നുണ്ടെങ്കിലും പ്രാദേശിക തലത്തിൽ വീശുന്ന ഗസ്റ്റ്നാഡോ പോലുള്ള പ്രതിഭാസങ്ങൾക്കു മുന്നറിയിപ്പിനു സംവിധാനമില്ല.