ഇടുക്കി: ഇടുക്കിയിലെ വണ്ടന്മേട് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് 21ന് നടക്കും. കേരളത്തിലെമ്പാടും വലിയ ചര്‍ച്ചയായി മാറിയതാണ് വണ്ടന്മേട് പഞ്ചായത്തും പതിനൊന്നാം വാര്‍ഡും. കാമുകനൊപ്പം ജീവിക്കാൻ വാഹനത്തിൽ മയക്കുമരുന്ന് വച്ച് ഭർത്താവിനെ കേസിൽ പെടുത്താൻ ശ്രമിച്ച് പഞ്ചായത്ത് മെമ്പറായ ഭാര്യയും കൂട്ടാളികളും പൊലീസ് പിടിയിലായ വാർത്ത കേരളത്തെയാകെ ഞെട്ടിച്ചിരുന്നു. കേസിൽ അകപ്പെട്ടതോടെ മെമ്പറായ സൗമ്യ സുനിലില്‍ നിന്ന് സിപിഎം രാജിക്കത്ത് എഴുതി വാങ്ങിയിരുന്നു.
സൗമ്യ പ്രതിനിധീകരിച്ചിരുന്ന അച്ചൻകാനം വാർഡിലാണ് 21ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. വാർഡ് നിലനിർത്താൻ എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് ആശ പ്രവർത്തക കൂടിയായ ലിസി ജേക്കബിനെയാണ്. കഴിഞ്ഞ തവണ കൈവിട്ടു പോയ വാർഡ് തിരിച്ചു പിടിക്കാൻ യുഡിഎഫ് നിയോഗിച്ചിരിക്കുന്നത് സൂസൻ ജേക്കബിനെയും. മഹിള മോർച്ച അംഗമായ രാധ അരവിന്ദനാണ് ബിജെപി സ്ഥാനാർത്ഥി. 18 വാർഡുകളുള്ള വണ്ടന്മേട്ടിൽ എൽഡിഎഫിന് എട്ടും യുഡിഎഫിന് അഞ്ചും ബിജെപിക്ക് മൂന്ന് അംഗങ്ങളുമാണുള്ളത്.
വിനോദിനൊപ്പം ജീവിക്കാൻ ഭർത്താവ് സുനിലിനെ വാഹനമിടിച്ച് കൊലപ്പെടുത്താനാണ് ആദ്യം ഇവർ ആലോചിച്ചത്. ഇതിനായി എറണാകുളത്തെ ഒരു സംഘത്തെ നിയോഗിച്ചു. പൊലീസ് പിടികൂടുമെന്ന് ഭയന്ന് ഇത് ഉപേക്ഷിച്ചു. പിന്നീട് ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ആലോചിച്ചെങ്കിലും ഇതും വേണ്ടെന്നു വച്ചു. തുടർന്നാണ് മയക്കുമരുന്ന് കേസിൽ പെടുത്താൻ തീരുമാനിച്ചത്. കാണാൻ ഇടയ്ക്കിടെ വിദേശത്തു കേരളത്തിലെത്തുന്ന വിനോദും സൗമ്യയും ഒരു മാസം മുൻപ് എറണാകുളത്ത് ആഢംബര ഹോട്ടലിൽ മുറിയെടുത്ത് രണ്ട് ദിവസം താമസിച്ചാണ് ഗൂഢാലോചന നടത്തിയത്.
വിനോദും സുഹൃത്ത് ഷാനവാസും ചേർന്ന് വണ്ടൻമേട് ആമയാറ്റിൽ വച്ച് മയക്കുമരുന്ന് സൗമ്യക്ക് കൈമാറി. സൗമ്യ ഇത് സുനിലിൻറെ ഇരുചക്ര വാഹനത്തിൽ വച്ച ശേഷം വാഹനത്തിന്റെ ഫോട്ടോ വിനോദിന് അയച്ചു കൊടുത്തു. വിനോദ് ഇത് ചില സുഹൃത്തുക്കൾ വഴി പൊലീസിലെത്തിച്ചു. ഇതനുസരിച്ച് വാഹനത്തിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയ പൊലീസ് സുനിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. നിരപരാധിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കൂടുതൽ അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ അന്വേഷണസംഘമെത്തിയത്. ഷാനവാസും ഷെഫിനും ചേർന്നാണ് 45000 രൂപക്ക് വിനോദിന് മയക്കുമരുന്ന് എത്തിച്ചു കൊടുത്തത്.