പാലക്കാട്; ഹിന്ദു ഐക്യവേദിയുടെ പരിപാടിയിൽ പങ്കെടുത്ത് സിപിഐയുടെ സാംസ്കാരിക സംഘടനയായ യുവകലാസാഹിതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എ പി അഹമ്മദ് മാസ്റ്റർ. പട്ടാമ്പിയിൽ നടന്ന ഹിന്ദുഐക്യവേദി പരിപാടിയിലാണ് പങ്കെടുത്തത്.
‘കേരളം താലിബാനിസത്തിലേക്കോ’ എന്ന സെമിനാറിലായിരുന്നു വിഷയാവതാരകനായി എപി അഹമ്മദ് സംസാരിച്ചത്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല,കാഭാ സുരേന്ദ്രൻ അടക്കമുള്ള സംഘ്പരിവാർ നേതാക്കളും സെമിനാറിൽ പങ്കെടുത്തിരുന്നു.മുസ്ലീം ലീഗ് നേതാനായ കെഎൻഎ ഖാദർ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ എന്നിവർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് സംബന്ധിച്ച് വിവാദങ്ങൾ ചൂട് പിടിക്കുന്നതിനിടെയാണ് സി പി ഐ നേതാവ് ആർ എസ് എസ് വേദിയിൽ എത്തിയിരിക്കുന്നത്.
എന്നാൽ സെമിനാറിൽ പങ്കെടുത്തതിൽ രാഷ്ട്രീയമില്ലെന്ന് എപി അഹമ്മദ് പ്രതികരിച്ചു. തന്റെ നിലപാടുകൾ പറയാനാണ് സെമിനാറിൽ പോയത്. വിയോജിപ്പുകൾ വിയോജിപ്പുകൾ ഉള്ളിടത്ത് തന്നെ പറയണം.പ്രധാന രാഷ്ട്രീയ നേതാക്കൾ മറ്റ് സംഘടനകളുടെ സംവാദങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും അഹമ്മദ് മാസ്റ്റർ പറഞ്ഞു.ഇതൊരു ആർഎസ്എസ് പരിപാടിയല്ലെന്നാണ് സിപിഐ നിലപാട്.