തിരുവനന്തപുരം • മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതിലേക്കു നയിച്ച സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ സിപിഎമ്മിന്റെ നിലപാട് എന്താണെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രംഗത്ത്. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണം. അദ്ദേഹം നിലപാട് വ്യക്തമാക്കണം. സജി ചെറിയാന്റെ രാജി സ്വാഗതാർഹമാണ്. പക്ഷേ, പ്രസംഗത്തെ തള്ളാത്തത് ദൗർഭാഗ്യകരമാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി.
സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് സതീശൻ അഭിപ്രായപ്പെട്ടു. സജി ചെറിയാനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. സജി ചെറിയാന്റെ രാജിപ്രഖ്യാപനത്തിനു പിന്നാലെ മാധ്യമങ്ങളെ കാണുമ്പോഴാണ് വി.ഡി.സതീശൻ ഇക്കാര്യങ്ങൾ പറഞ്ഞത്.