മുംബൈ: ദേവേന്ദ്ര ഫഡ്‌നാവിസ് രാഷ്ട്രീയ അട്ടിമറിയിലൂടെ സത്യപ്രതിജ്ഞ നടത്തിയത് സംബന്ധിച്ചുളള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ. 2019-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചുകൊണ്ട് ഇന്ത്യാടുഡെ നല്‍കിയ അപേക്ഷയിലാണ് മറുപടി.
സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചതാര്? , മഹാരാഷ്ട്ര ഗവര്‍ണര്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അവകാശവാദം സ്ഥിരീകരിച്ചതെങ്ങനെ? , രാഷ്ട്രപതിഭരണം പിന്‍വലിക്കാന്‍ ഗവര്‍ണര്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തത് എപ്പോള്‍? തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഇന്ത്യടുഡെ വിവരാവകാശം സമര്‍പ്പിച്ചിരുന്നത്.
അന്വേഷിച്ച വിവരങ്ങളുടെ സ്വഭാവം ചൂണ്ടിക്കാട്ടി വിവരാവകാശനിയമത്തിലെ സെക്ഷന്‍ 2(എഫ്), സെക്ഷന്‍ 8(1)(ഇ) പ്രകാരം നല്‍കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് മറുപടി ലഭിച്ചത്. തുടര്‍ന്ന് അപ്പീല്‍ നല്‍കിയെങ്കിലും മന്ത്രാലയത്തിന്റെ അപ്പീല്‍ അതോറിറ്റി അതിനെ ന്യായീകരിച്ചതായും ഇന്ത്യടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് ശേഷം മുഖ്യമന്ത്രിയെ നിയമിക്കും മുമ്പ് നിരവധി നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതൊന്നും പാലിക്കാതെയായിരുന്നു ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ. പിന്നീട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിന് പിറകെ ഫഡ്‌നാവിസ് രാജി സമര്‍പ്പിച്ചിരുന്നു.