തുടര്‍ച്ചയായ വില വര്‍ധനവിന് ശേഷം പാചക എണ്ണ വിലയില്‍ ഇടിവിന് സാധ്യത.

0
66

വരുന്ന ആഴ്ചയോടെ പാചക എണ്ണ വില ലിറ്ററിന് 15 മുതല്‍ 20 രൂപ വരെ കുറഞ്ഞേക്കും എന്നാണ് റിപ്പോര്‍ട്ട്. യുദ്ധവും, ഇറക്കുമതി-കയറ്റുമതി നിയന്ത്രണങ്ങളും മൂലം കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷം തുടക്കത്തിലും പാചക എണ്ണ വില വര്‍ധിച്ചിരുന്നു.

രാജ്യാന്തര വിപണിയില്‍ വിലകള്‍ കുറഞ്ഞതും ആഭ്യന്തര വില കുറയ്ക്കാനുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ ഫലം കണ്ടതുമാണ് പാചക എണ്ണ വില കുറയാന്‍ കാരണം. സൂര്യകാന്തി, സോയാബീന്‍, കടുക്, പാമോയില്‍ എന്നിവയുടെ പരമാവധി ചില്ലറ വില 15 മുതല്‍ 20 രൂപ വരെ കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഫോര്‍ച്യൂണ്‍, അദാനി വില്‍മെര്‍, ധാര, മദര്‍ ഡയറി, ഫ്രീഡം, ജെമിനി തുടങ്ങിയ ബ്രാന്‍ഡുകളും എണ്ണ വില കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇന്ത്യ ഭക്ഷ്യ എണ്ണയുടെ 60 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ടുതന്നെ രാജ്യാന്തര വിപണിയിലെ നേരിയ ഏറ്റക്കുറച്ചിലുകള്‍ പോലും ഇന്ത്യന്‍ വിപണിയില്‍ വലിയ രീതിയില്‍ പ്രതിഫലിക്കും. രാജ്യത്ത് ഭക്ഷ്യ ഉല്‍പന്നങ്ങള്‍, സോപ്പ് പൊടികള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ജൈവ ഇന്ധനങ്ങള്‍ തുടങ്ങിയവയില്‍ പാം ഓയിലും അതിന്റെ ഉപോല്പന്നങ്ങളും ഉപയോഗിക്കുന്നു. സോപ്പ്, ഷാംപൂ, നൂഡില്‍സ്, ബിസ്‌ക്കറ്റ്, ചോക്ലേറ്റ് തുടങ്ങി ദിവസവും ഉപയോഗിക്കുന്ന വസ്തുക്കള്‍ക്കും അസംസ്‌കൃത വസ്തുവായി എണ്ണ ഉപയോഗിക്കുന്നുണ്ട്. എഫ് എം സി ജി സ്ഥാപനമായ അദാനി വില്‍മര്‍ ശനിയാഴ്ച ഭക്ഷ്യ എണ്ണകളുടെ വില 10 രൂപ കുറച്ചു. ഫോര്‍ച്യൂണ്‍ ശുദ്ധീകരിച്ച സണ്‍ഫ്‌ലവര്‍ ഓയിലിന്റെ 1 ലിറ്റര്‍ പാക്കിന്റെ പരമാവധി റീട്ടെയില്‍ വില (എംആര്‍പി) 220 രൂപയില്‍ നിന്ന് 210 രൂപയായി കുറച്ചതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here