കേരളത്തിനു 3 പുതിയ ട്രെയിനുകൾ

0
67

പത്തനംതിട്ട • കേരളത്തിനു 3 പുതിയ ട്രെയിനുകൾ അനുവദിക്കാൻ ബെംഗളൂരുവിൽ നടന്ന ഓൾ ഇന്ത്യ റെയിൽവേ ടൈംടേബിൾ യോഗത്തിൽ ധാരണ. തിരുപ്പതി–കൊല്ലം, എറണാകുളം–വേളാങ്കണ്ണി ബൈവീക്ക്‌ലി, മംഗളൂരു–രാമേശ്വരം ബൈവീക്ക്‌ലി എന്നീ ട്രെയിനുകൾക്കാണു വിവിധ സോണുകൾ പങ്കെടുത്ത യോഗത്തിൽ അംഗീകാരം നൽകിയത്. റെയിൽവേ ബോർഡ് അന്തിമ വിജ്ഞാപനം പുറത്തിറക്കുന്നതോടെ ഈ 3 ട്രെയിനുകൾക്കും സർവീസ് ആരംഭിക്കാനാകും.

എറണാകുളം–വേളാങ്കണ്ണി, അവധിക്കാല സ്പെഷൽ ട്രെയിൻ സർവീസായി ഇപ്പോഴുണ്ട്. റെയിൽവേ ബോർഡ് അംഗീകാരം നൽകിയാൽ സ്പെഷലിനു പകരം ആഴ്ചയിൽ 2 ദിവസം നിരക്കു കുറവുള്ള സാധാരണ സർവീസാക്കി മാറ്റാൻ കഴിയും. പുതുതായി ശുപാർശ ചെയ്ത തിരുപ്പതി–കൊല്ലം ട്രെയിനും ആഴ്ചയിൽ രണ്ടു ദിവസമായിരിക്കും. ചൊവ്വ, വെള്ളി ദിവസങ്ങളിൽ തിരുപ്പതിയിൽ നിന്നു ഉച്ചയ്ക്കു 2.40ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ 6.20ന് കൊല്ലത്ത് എത്തും. അന്നേ ദിവസം രാവിലെ 10ന് കൊല്ലത്തു നിന്നു തിരുപ്പതിയിലേക്കു പുറപ്പെടും.

തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കും പാലക്കാട്–തിരുനെൽവേലി പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്കും ഗുരുവായൂർ–പുനലൂർ എക്സ്പ്രസ് മധുരയിലേക്കും ബെംഗളൂരു–കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്കും നീട്ടാനുള്ള ശുപാർശകളും അംഗീകരിച്ചിട്ടുണ്ട്. പുണെ–എറണാകുളം എക്സ്പ്രസ് കോട്ടയം വരെ നീട്ടുന്നതു അംഗീകരിച്ചെങ്കിലും അടുത്ത വർഷമേ ഉണ്ടാകൂ.മറ്റു തീരുമാനങ്ങൾ റെയിൽവേ ബോർഡിന്റെ അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്കു നടപ്പാക്കും. ചെങ്കോട്ട–താംബരം, ഹുബ്ബാലി–രാമേശ്വരം വീക്ക്‌ലി ട്രെയിനുകൾ തമിഴ്നാടിനു പുതിയതായി ലഭിക്കും.

വന്ദേഭാരത് കോച്ചുകളുടെ നിർമാണത്തിനു മുൻഗണന നൽകുന്നതിനാൽ സാധാരണ കോച്ചുകളുടെ നിർമാണത്തിൽ കുറവുണ്ടായിട്ടുണ്ട്. പുതിയ ട്രെയിനുകൾ അനുവദിക്കുമ്പോൾ നേരിടുന്ന പ്രധാന പ്രശ്നം കോച്ച് ലഭ്യതയായിരിക്കും. വരുന്ന ടൈംടേബിളിൽ നേത്രാവതി എക്സ്പ്രസിന്റെ സമയം മാറും. ഉച്ചയ്ക്കു മുംബൈയിലെത്തും. ഭുവനേശ്വർ–ചെന്നൈ ട്രെയിൻ എറണാകുളത്തേക്കു നീട്ടാനുള്ള ശുപാർശ റെയിൽവേ അംഗീകരിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here