ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിൽനിന്ന് ഒന്നിലധികം സീറ്റ് ലഭിക്കുമെന്നും അതിൽ ഒന്ന് പത്തനംതിട്ട ആയിരിക്കുമെന്നും മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആൻ്റണി. പത്തനംതിട്ടയെയും വികസിത പട്ടണമാക്കണം. അതിനായി ബിജെപി സ്ഥാനാർഥി വിജയിക്കേണ്ടത് അത്യാവശ്യമാണെന്നും അനിൽ ആൻ്റണി പറഞ്ഞു.
വരുന്ന തെരഞ്ഞെടുപ്പിൽ അഖിലേന്ത്യാ തലത്തിൽ ബിജെപിക്കും എൻഡിഎയ്ക്കും ചരിത്ര വിജയം ലഭിക്കും. ബിജെപിക്ക് കേരളത്തിൽനിന്ന് തീർച്ചയായും ഒന്നിലധികം സീറ്റ് ലഭിക്കും. അതിൽ ഒന്ന് പത്തനംതിട്ടയായിരിക്കും. കേരളത്തിലും ഇന്ത്യയിലും എന്താണ് നടക്കുന്നതെന്ന് എല്ലാവർക്കും അറിയാം. കേരളത്തിൽ വർഷങ്ങളായി യുഡിഎഫും എൽഡിഎഫും മാറി മാറി ഭരിച്ചിട്ടുണ്ട്.
10 വർഷം നീണ്ട നരേന്ദ്ര മോദി ഭരണത്തിൽ ഇന്ത്യ മുൻപോട്ടു പോകുമ്പോൾ ഓരോ ദിവസവും കേരളം പിന്നോട്ടുപോകുന്ന സാഹചര്യമാണെന്നും അനിൽ ആൻ്റണി പറഞ്ഞു.അടുത്ത 25 വർഷത്തിനകം ഇന്ത്യയെ ഒരു വികസ്വര രാജ്യമാക്കി മാറ്റും. പ്രധാനമന്ത്രി പാവപ്പെട്ടവർക്കും വനിതകൾക്കും യുവതീയുവാക്കൾക്കും കർഷകർക്കുമാണ് പ്രാതിനിധ്യം നൽകുന്നത്. ഈ നാലു വിഭാഗവുമാണ് പത്തനംതിട്ട. പത്തനംതിട്ടയിലെ ജനങ്ങൾക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്.
പത്തനംതിട്ടയെയും വികസിത പട്ടണമാക്കി മാറ്റണം. അതിനായി ബിജെപി സ്ഥാനാർഥി വിജയിക്കേണ്ടത് അത്യാവശ്യമാണെന്നും അനിൽ ആൻ്റണി പറഞ്ഞു.സ്ഥാനാർഥി പ്രഖ്യാപനത്തെ തുടർന്ന് ഉയർന്ന പ്രതിഷേധങ്ങൾക്കിടെ തിങ്കളാഴ്ചയാണ് അനിൽ ആൻ്റണി മണ്ഡലത്തിൽ എത്തിയത്. പ്രതിഷേധം ഉയർത്തിയ പിസി ജോർജിനെ വീട്ടിൽ എത്തി സന്ദർശിച്ചു മധുരം പങ്കുവെച്ച ശേഷമാണ് അനിൽ ആന്റണി പ്രചാരണം ആരംഭിച്ചത്.
പത്തനംതിട്ട നഗരത്തിൽ പ്രകടനത്തിലും പ്രവർത്തകരുടെ സ്വീകരണത്തിലും പങ്കെടുത്തു.അനിൽ ആന്റണിയുടെ സ്ഥാനാർഥിത്വത്തിനെതിരെ ബിജെപിയിലെ ഒരു കൂട്ടം നേതാക്കൾ പരസ്യ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അനിലിന്റെ സ്ഥാനാർഥിത്വം നിരാശപ്പെടുത്തിയെന്ന് അഭിപ്രായപ്പെട്ടായിരുന്നു പ്രവർത്തകരും നേതാക്കളും രംഗത്തുവന്നത്.
ഈ വിവാദത്തിന്റെ പശ്ചാത്തലത്തിൽ പിസി ജോർജിനെ അനുനയിപ്പിക്കാനാണ് അനിൽ ആന്റണി ജോർജിന്റെ പൂഞ്ഞാറിലെ വീട്ടിലെത്തിയത്. പാർട്ടി നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് അനിൽ ആന്റണി പിസി ജോർജിനെ ബിജെപി ജില്ലാ നേതാക്കൾക്കൊപ്പമെത്തി കണ്ടത്.