ലക്‌നൗ• പ്രവാചക വിരുദ്ധ പരാമർശത്തെ തുടർന്നുണ്ടായ സംഘർഷത്തിലെ പ്രതിയുടെ വീട് ബുൾഡോസര്‍ ഉപയോഗിച്ചു തകർത്തു. ഉത്തർപ്രദേശ് പ്രയാഗ് രാജിലെ പ്രാദേശിക നേതാവായ ജാവേദ് അഹമ്മദിന്റെ വീടാണു തകർത്തത്. പ്രവാചക വിരുദ്ധ പരാമർശം നടത്തിയ ബിജെപി നേതാവ് നൂപുർ ശർമയ്ക്കെതിരായ നഗരത്തിലെ പ്രതിഷേധങ്ങളുടെ മുഖ്യ സൂത്രധാരൻ ജാവേദ് അഹമ്മദാണെന്നാണു പൊലീസിന്റെ കണ്ടെത്തൽ.
വീടു തകർക്കുമെന്നു മുന്നറിയിപ്പു വന്നതോടെ ഇവിടെയുള്ള സാധനങ്ങളെല്ലാം മാറ്റിയതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. വീട്ടിൽ നടത്തിയ പരിശോധനയിൽ മുദ്രാവാക്യങ്ങളെഴുതിയ പോസ്റ്ററുകളും പതാകകളും കണ്ടെടുത്തു. ‘അനീതി എപ്പോൾ നിയമമാകുന്നുവോ, കലാപം അവിടെ കടമയാകുന്നു’ എന്നാണു പോസ്റ്ററിൽ എഴുതിയിരുന്നത്. വീടിനു മുന്നിൽ പൊളിക്കുന്നതിനായി നോട്ടിസ് പതിച്ചിരുന്നു. ഞായറാഴ്ച രാവിലെ 11 മണിക്ക് ഒഴിയണമെന്നാണ് പ്രയാഗ് രാജ് ഡെവലപ്മെന്റ് അതോറിറ്റിയുടെ നോട്ടിസിലുള്ളത്. പിന്നീടാണു പൊളിക്കൽ ആരംഭിച്ചത്. പ്രദേശത്തു കനത്ത പൊലീസ് കാവലും ഏർപ്പെടുത്തി.
വീട് നിയമവിരുദ്ധമായി നിർമിച്ചതാണെന്നാണ് പ്രയാഗ് രാജ് ഡെവലപ്മെന്റ് അതോറിറ്റിയുടെ വാദം. പ്രയാഗ്‍ രാജിലെ ജെകെ ആഷിയാന കോളനിയിലെ താമസക്കാരനാണ് ജാവേദ് അഹമ്മദ്. ‘ജാവേദ് അഹമ്മദ് തടവിലാണെന്നും അക്രമത്തിനു പിന്നിൽ പ്രവർത്തിച്ച കൂടുതൽ ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രയാഗ്‍ രാജ് എസ്എസ്പി അജയകുമാർ മാധ്യമങ്ങളോടു പ്രതികരിച്ചു. ‘പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് പൊലീസിനും ഭരണകൂടത്തിനും എതിരെ കല്ലെറിയിക്കുകയാണ്. 29 വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. 2020ൽ പൗരത്വ നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ചവരിൽ ചിലർ ഇപ്പോഴത്തെ പ്രതിഷേധങ്ങളുടെ പിന്നിലുമുണ്ട്.’– അജയകുമാർ പ്രതികരിച്ചു.