ഹൂസ്റ്റണ്‍: മൂന്നുവയസ്സുള്ള മകളെ തനിച്ച് കാറിലിരുത്തി തൊട്ടടുത്ത കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ അമ്മ അറസ്റ്റില്‍. അമേരിക്കയിലെ ഹൂസ്റ്റണിലാണ് സംഭവം. മാര്‍സി ടയ്‌ലര്‍ (36)എന്ന സ്ത്രീയെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
കഴിഞ്ഞ ആഴ്ച നോര്‍ത്ത് ഗ്രാന്റ് പാര്‍ക്ക് വേ ടാര്‍ജറ്റ് പാര്‍ക്കിങ് ലോട്ടിലായിരുന്നു സംഭവം ഉണ്ടായത്. ആരോ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നോക്കുമ്പോള്‍ കുട്ടി കാറില്‍ തനിയെ ഇരിക്കുന്നതാണ് കണ്ടത്. മിനിറ്റുകള്‍ക്കുള്ളില്‍ അമ്മ തിരിച്ചെത്തി.
അഞ്ച് മിനിറ്റ് മാത്രമാണ് കുട്ടിയെ ഒറ്റയ്ക്കാക്കി പോയതെന്നായിരുന്നു ഇവര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഇവര്‍ കുട്ടിയെ 30 മിനിറ്റ് കാറില്‍ തനിച്ച് ഇരുത്തിയെന്ന് കണ്ടെത്തി. കുട്ടിയെ അപകടകരമായ വിധത്തില്‍ കാറില്‍ തനിച്ചിരുത്തിയതിന് ഇവര്‍ക്കെതിരെ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇവരെ ഹാരിസ് കൗണ്ടി ജയിലിലടച്ചു. പിന്നീട് ഇവര്‍ക്ക് 25,000 ഡോളറിന്റെ ജാമ്യം അനുവദിക്കുകയും ചെയ്തു.