കാഠ്മണ്ഡു; നേപ്പാളിൽ ഉണ്ടായ വിമാനാപകടത്തിൽ എല്ലാവരും തന്നെ മരിച്ചതായി സംശയം. മഹാരാഷ്ട്രയിലെ താനെയിൽ നിന്നുള്ള ഒരു കുടുംബത്തിലെ നാല് പേരും ഈ സംഘത്തിൽ ഉണ്ടായിരുന്നു. ആകെ 19 യാത്രക്കാരും മൂന്ന് ക്രൂ അം ഗങ്ങളും ഈ വിമാനത്തിലുണ്ടായിരുന്നു. നേപ്പാളിലെ താര എയർ എന്ന സ്വകാര്യ വിമാനക്കമ്പനിയുടെ 43 വർഷം പഴക്കമുള്ള വിമാനമാണ് ഞായറാഴ്ച മുസ്താങ് ജില്ലയിൽ അപകടത്തിൽ പെട്ടത്.
“വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരുടേയും ജീവൻ നഷ്ടപ്പെട്ടതായി ഞങ്ങൾ സംശയിക്കുന്നു. വിമാനാപകടത്തിൽ നിന്ന് ആർക്കും രക്ഷപ്പെടാൻ കഴിയില്ലെന്നാണ് ഞങ്ങളുടെ പ്രാഥമിക വിലയിരുത്തൽ, എന്നാൽ ഔദ്യോഗിക പ്രസ്താവന വരാനിരിക്കുന്നതേയുള്ളൂ,” ആഭ്യന്തര മന്ത്രാലയം വക്താവ് ഫദീന്ദ്ര മണി പൊഖ്രെൽ പറഞ്ഞു. മുസ്താങ് ജില്ലയിലെ സുനോ സാൻവെയർ ബർത്ത് ഓഫ് താവിംഗിൽ 14,500 അടി ഉയരത്തിൽ നിന്നാണ് വിമാനം താഴെ വീണത്. നിലവിൽ പതിനാലോളം മൃതദേഹങ്ങൾ പുറത്തെടുത്തിട്ടുണ്ട്. ബാക്കിയിള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. എന്നാൽ കാലാവസ്ഥ പ്രതികൂലമായത് പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും പൊഖ്രെൽ പറഞ്ഞു.
വിമാനം കാണാതായി ഏകദേശം ഇരുപത് മണിക്കൂർ പിന്നിട്ടതിന് ശേഷമാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 10 മണിയോടെ വിനോദസഞ്ചാര നഗരമായ പൊഖാറയിൽ നിന്ന് പറന്നുയർന്ന വിമാനം മിനിറ്റുകൾക്ക് നിലം പതിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ താനെയിലെ അശോക് ത്രിപാഠിയുടെ കുടുംബവും അപകടത്തിൽ പെട്ട വിമാനത്തിൽ ഉണ്ടായിരുന്നു. നേപ്പാളിൽ അവധിക്കാലം ചിലവഴിക്കാൻ പോയതായിരുന്നു ഇവർ. ത്രിപാഠിയുടെ ഭാര്യ വൈഭവി ബന്ദേക്കർ ത്രിപാഠി (51), മകൻ ധന്യസ്യ ത്രിപാഠി (22), മകൾ റിതിക ത്രിപാഠി (18) എന്നിവരാണ് ഇയാളുടെ കൂടെ ഉണ്ടായിരുന്നത്. താനെയിലെ റുസ്തോംജി അഥീന ബിൽഡിംഗിൽ ആണ് ഇവർ താമസിക്കുന്നത്.
കാണാതായ വിമാനങ്ങൾക്കായുള്ള തിരച്ചിലിനായി നേപ്പാൾ ആഭ്യന്തര മന്ത്രാലയം മസ്താങ്ങിൽ നിന്നും പൊഖാറയിൽ നിന്നും രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകൾ വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ സേനയിൽ നിന്നുള്ള പട്രോളിംഗ്, സെർച്ച് യൂണിറ്റുകൾ, പ്രദേശവാസികളുടെ സംഘങ്ങൾ എന്നിവയും ധൗലഗിരി മേഖലയിൽ കാല് നടയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഹിമാലയൻ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. പർവ്വത മേഖലയായ നേപ്പാളിൽ നിരവധി തവണ വിമാനാപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2016ൽ ഇതേ റൂട്ടിൽ പറന്ന വിമാനം തകർന്ന് 23 പേർ മരിച്ചിരുന്നു. 2018 മാർച്ചിൽ ത്രിഭുവൻ ഇന്റർനാഷണൽ എയർപോർട്ടിൽ യുഎസ്-ബംഗ്ലാ വിമാന അപകടത്തിൽ 51 പേർ മരിച്ചിരുന്നു.