അറബി ലിഖിതങ്ങൾ കൂടാതെ കുത്തബ് മിനാറിൽ നാഗരി ലിഖിതങ്ങളും കൊത്തിവച്ചിട്ടുണ്ട്. മിനാറിലെ വിവിധ അറ്റകുറ്റപ്പണികളുടെ രേഖകളാണ് അവയിൽ മിക്കതും. അവയിൽ ചിലത് മനസ്സിലാക്കാൻ കഴിയാത്തവയാണ്. ചിലത് വായിക്കാൻ സാധിക്കുമെങ്കിലും അപൂർണ്ണമാണ്.
താഴത്തെ നില:
1. മൂന്നു സ്ഥലങ്ങളിലായി “സംവത് 1256” (AD 1199) രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് ഒന്നുകിൽ ആ വർഷം മിനാറിന്റെ പണി തുടങ്ങി അല്ലെങ്കിൽ ആദ്യ നിലയുടെ പണി പൂർത്തിയായി എന്നാണ്.
2. “മാലിക്ദിന കി കീർത്തി സ്തംഭ”
“സ്വസ്തി ഭവതു”
മാലിക്ദിനയുടെ കീർത്തിസ്‌തംഭം. നല്ലതു ഭവിക്കട്ടെ!
രണ്ടാം നിലയിൽ:
3. “സംവത് 1560-ലെ (AD 1503) ചൈത്രമാസത്തിലെ……രണ്ടാം ദിവസത്തിൽ വിഷ്ണുകാന്തൻ എഴുതിയത്”
നാലാം നിലയിൽ:
4. “ശ്രീ സുൽത്രാന അലാവദിൻ വിജയസ്തംഭ”
ശ്രേഷ്ഠനായ അലാവുദ്ദീന്റെ വിജയസ്തംഭം
5. “സംവത് 1425 വർഷേ ഫാൽഗുൻ വാദി 15 ഗുരുദിനേ ഫെറോജ്സാഹി കേ രാജി ബിജു പടി. വഹുദി ഉസ്രയോ. സൂത്ര നാനാ സൽഹ ലോല ലഷ്മണ…സംവത് 1425”
സംവത് 1425 (AD 1368) ഫാൽഗുന മാസത്തിലെ……15-ാം ദിവസമായ വ്യാഴാഴ്ച ഫിറോസ് ഷായുടെ (ഫിറോസ് ഷാ തുഗ്ലക്ക്, 1351-1388) ഭരണകാലത്ത് ഇടിമിന്നലേറ്റു. [സ്‌മാരകക്കെട്ടിടം] സംവത് 1425-ൽ അറ്റകുറ്റപ്പണി നടത്തി. നാന, സൽഹ, ലോല, ലഷ്മണ എന്നിവരായിരുന്നു കൽപണിക്കാർ.
6. “മുഹമ്മദ് സുൽത്രാന കി രാജീ ഭദവ മാസി ബിജു പടി സതമി-ദിനേ ഘടിക 25 ജനകമാത്ര സംവത് 1382 വർഷേ”
മുഹമ്മദ് സുൽത്താന്റെ (മുഹമ്മദ് തുഗ്ലക്ക്, 1325-1350) ഭരണകാലത്ത്, സംവത് 1382 വർഷം (AD 1326) ഭാദവ മാസത്തിലെ 7-ാം ദിവസം ജനക-മാത്രയിലെ 25-ാം ഘരിയിൽ, സ്‌മാരകക്കെട്ടിടത്തിന് ഇടിമിന്നലേറ്റു.
7. “ഓം. സംവത് 1389 വർഷം ചൈത്ര-സുദി 11 ബുധ-ദിനേ ശ്രീ സുൽത്രാന മഹമ്മദ്സാഹി കി കീർത്തി”
ഓം. ശ്രേഷ്ഠനായ സുൽത്താൻ മുഹമ്മദ് ഷായുടെ [മുഹമ്മദ് തുഗ്ലക്ക്, 1325-1350] യശസ്സ്, സംവത് 1389 (AD 1332) വർഷത്തിലെ ചൈത്ര മാസത്തിലെ……11-ാം ബുധനാഴ്ച”
അഞ്ചാം നിലയിൽ:
8. “ഓം സ്വസ്തി ശ്രീ സുൽത്രാന ഫെറോജസാഹി വിജയരാജേ സംവത് 1426 വർഷം ഫാൽഗുന സൂദി 5 ശുക്ര ദിനേ മുനരോ ജീർണോധര കൃത് ശ്രീ വിശ്വകർമ പ്രസാദ രചിതഃ സൂത്രധാരി ചഹദ-ദേവപാലസുത-ദോഹിത സൂത്രപത പ്രതിഷ്ഠ നിപതി….. ശിൽപി സൂത്ര നാനാ സൽഹ ദാരുകർമ്മ ധർമ്മു-വനാനി”
ഓം. ശ്രേഷ്ഠനായ ഫിറോസ് ഷാ സുൽത്താന്റെ (ഫിറോസ് ഷാ തുഗ്ലക്ക്, 1351-1388) ശുഭകരമായ ഭരണത്തിൽ, സംവത് 1426 (AD 1368) വർഷത്തിലെ ഫാൽഗുന മാസത്തിലെ……5-ാം ദിവസമായ വെള്ളിയാഴ്ച മിനാരം നവീകരിച്ചു. ശ്രീ വിശ്വകർമ്മാവിന്റെ കൃപയാൽ പണി പൂർത്തിയായി. വാസ്തുശില്പി ദേവപാലന്റെ പുത്രനും……ന്റെ മാതൃ പൗത്രനുമായ ചഹദ ആയിരുന്നു….; അളവു ചരട് വലിച്ചു കെട്ടി……..വാസ്തുശില്പികളായ നാന (ഒപ്പം) സൽഹയും മരയാശാരിയായ ധർമ്മു വനാനിയും ആയിരുന്നു നിർമ്മാതാക്കൾ.
ഫിറോസ് ഷാ തുഗ്ലക്കിന്റെയും 1503 – ലെ ഭരണാധികാരിയായിരുന്ന സികന്ദർ ലോദിയുടെയും അറ്റകുറ്റപ്പണികൾ രേഖപ്പെടുത്തിയിട്ടുള്ള അറബി ലിഖിതങ്ങളും മിനാറിൽ കാണാൻ കഴിയും. മാത്രമല്ല 1503 – നു ശേഷവും നടന്നിട്ടുള്ള നിരവധി അറ്റകുറ്റപ്പണികളുടെ അപൂർണ്ണ രേഖകളും മിനാറിലുണ്ട്.
1803 – ലുണ്ടായ ഭൂമികുലുക്കത്തിൽ ഫിറോസ് ഷാ നിർമ്മിച്ച കപ്പോള താഴെ വീണു പോയി. 1805 നും 1828 നും ഇടയിൽ ബ്രിട്ടീഷ് എഞ്ചിനീയർ മേജർ സ്മിത്തിന്റെ മേൽനോട്ടത്തിൽ വളരെയധികം കേടുപാടുകൾ പരിഹരിച്ചു. ബൾജിങ്ങും വിള്ളലുകളും പരിഹരിക്കാനായും അടിത്തറ ഉറപ്പിക്കാനുമായി 1920 ലും തുടർന്ന് 1944-49 ലും 1971-72 ലും പണികൾ നടക്കുകയുണ്ടായി.
മാർബിൾ കൊണ്ട് നിർമ്മിച്ച അഞ്ചാം നിലയിൽ ആലേഖനം ചെയ്തിരിക്കുന്നതുപോലെ, “അജ്ഞാത സ്രഷ്ടാവ് ഈ കെട്ടിടത്തെ എല്ലാ വിപത്തുകളിൽ നിന്നും കാത്തുരക്ഷിക്കട്ടെ” എന്ന് നമുക്ക് പ്രാർത്ഥിക്കാം.