മോഹൻലാൽ എല്ലാവർക്കും ഒരു പാഠപുസ്തകമാണെന്ന് ഷാജി കൈലാസ്.

0
269

പന്ത്രണ്ട് വര്‍ഷത്തിനു ശേഷം ഷാജികൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം എലോണിന് വേണ്ടിയുള്ള മോഹൻലാൽ ആരാധകരുടെ കാത്തിരിപ്പ് ചെറുതല്ല. ആറാംതമ്പുരാനും നരസിംഹവുംമെല്ലാം മലയാള സിനിമാ പ്രേക്ഷകർക്ക് സമ്മാനിച്ച കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ മലയാളി പ്രേക്ഷകർ വലിയ ആവേശത്തിലാണ്.

ഷാജികൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്നത് ഏത് ലാലേട്ടൻ ആരാധകനും സന്തോഷമുളവാക്കുന്ന കാര്യമാണ്. അത് തന്നെയാണ് സിനിമാ പ്രേമികളുടെ ആവേശത്തിന് കാരണവും. 2009ൽ പുറത്തിറങ്ങിയ റെഡ് ചില്ലീസ് ആണ് ഇരുവരുടെയും കൂട്ടുകെട്ടിൽ റിലീസ് ചെയ്ത അവസാന ചിത്രം.

സിനിമയുടെ ചിത്രീകരണം ദ്രുതഗതിയിൽ പൂർത്തിയായത് ഏറെ ചർച്ചയായിരുന്നു. ചിത്രത്തിന്റെ ഡബ്ബിങ് വിശേഷം പങ്കുവെച്ചിരിക്കുകയാണ് ഷാജി കൈലാസിപ്പോൾ. തന്റെ സാമൂഹിക മാധ്യമത്തിലൂടെയാണ് മോഹൻലാൽ ഡബ്ബിങിന് എത്തിയ വിവരം ഷാജി കൈലാസ് പങ്കുവെച്ചത്.

‘കണ്ണുകൾക്ക് കാണാൻ സാധിക്കാത്തവ നാവ് കൊണ്ട് വരച്ചു കാട്ടാൻ സാധിക്കും. മോഹൻലാൽ എലോൺ ഡബ്ബിങ്ങിൽ ജോയിൻ ചെയ്തു. അയാളുടെ അനായാസത എല്ലാവർക്കും ഒരു പാഠപുസ്തകമാണ്’ എന്ന കുറിപ്പോടെയാണ് ഷാജി കൈലാസ് വിശേഷം പങ്കുവെച്ചത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. ഷാജി കൈലാസിന്റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകളുടെയും രചന നിർവഹിച്ച രാജേഷ് ജയറാമാണ് തിരക്കഥ. അഭിനന്ദൻ രാമാനുജമാണ്​ ഛായാഗ്രഹണം. സംഗീതം ജേക്സ് ബിജോയ്​യും എ‍ഡിറ്റിങ് ഡ‍ോൺമാക്സും കൈകാര്യം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here