കുത്തുകയറ്റത്തിൽ പോലും കുതിച്ചുപായുന്ന ഈ ചുള്ളൻ ഇലക്ട്രിക് ഓട്ടോറിക്ഷയ്ക്കു പറയാൻ ഒരു കഥയുണ്ട്. പെട്രോൾ പമ്പുകളോടു വിടപറഞ്ഞ് ചാർജിങ് സോക്കറ്റുമായി പ്രണയത്തിലായ കഥ. 15 വർഷത്തെ ഓട്ടം പൂർത്തിയാക്കി, ആക്രിക്കടയിലേക്കു പോകും വഴിയിലാണ് വെണ്ണിക്കുളം പോളിടെക്നിക്കിലെ കുട്ടികൾ ഈ ഓട്ടോറിക്ഷ സ്വന്തമാക്കിയത്. അവിടെനിന്നങ്ങോട്ട് പുതിയൊരു ചരിത്രയാത്രയ്ക്ക് തുടക്കംകുറിക്കുകയായിരുന്നു.
ഓട്ടമൊബീൽ വിദ്യാർഥികളുടെ പ്രോജക്ടിന്റെ ഭാഗമായാണ് ഈ ഇലക്ട്രിക് ഓട്ടോറിക്ഷ പിറവിയെടുത്തത്. റിക്ഷയെ പെട്രോൾ എൻജിൻ സംവിധാനത്തിൽനിന്ന് ഇലക്ട്രിക് സംവിധാനത്തിലേക്കു മാറ്റുക എന്നതായിരുന്നു പ്രോജക്ട്. ഇതിനായി ആദ്യം റിക്ഷയുടെ റിയർ സസ്പെൻഷൻ, പിക്ക് അപ് വാഹനങ്ങൾക്കു സമാനമായ രീതിയിൽ ലീഫ് സ്പ്രിങ് സംവിധാനത്തിലേക്കു മാറ്റി. അതോടൊപ്പം 3 കിലോ വാട്ട് ശേഷിയുള്ള മോട്ടറും ഘടിപ്പിച്ചു. സാധാരണ ഉപയോഗിക്കാറുള്ള ലെഡ് ആസിഡ് ബാറ്ററിക്കു പകരം ലിഥിയം അയേൺ ഫോസ്ഫേറ്റ് ബാറ്ററിയും തയാറാക്കി. ഐഐടി ഗവേഷണ വിദ്യാർഥികളുടെ സഹായത്തോടെയാണ് 50 കിലോവാട്ട് ശേഷിയുള്ള ബാറ്ററി യൂണിറ്റ് തയാറാക്കിയത്. ലിഥിയം അയൺ ബാറ്ററിയുടെ മൂന്നിലൊന്ന് ഭാരത്തിൽ മൂന്നിരട്ടി ശേഷി എന്നതാണ് ഈ ബാറ്ററിയുടെ സവിശേഷത.
3 മണിക്കൂറിൽ പൂർണമായും ചാർജാകുന്ന ഈ റിക്ഷ 3 യാത്രക്കാരുമായി ശരാശരി 35 കിലോമീറ്റർ വേഗത്തിൽ 2 മണിക്കൂറിലേറെ നിർത്താതെ പായും. സാധാരണ പവർ സോക്കറ്റിലും ചാർജിങ് സ്റ്റേഷനിലും ഈ ഒാട്ടോ ചാർജ് ചെയ്യാം. ചുരുക്കത്തിൽ, ഇന്നു കാണുന്ന പ്രസരിപ്പുള്ള ഈ ഇലക്ട്രിക് റിക്ഷയിൽ, പഴയ പെട്രോൾ ഓട്ടോറിക്ഷയുടെ അസ്ഥികൂടവും മുൻവശത്തെ സസ്പെൻഷനും മാത്രമേ അവശേഷിക്കുന്നുള്ളൂ. ബാക്കിയെല്ലാം വിദ്യാർഥികൾ സ്വന്തമായി വികസിപ്പിച്ചെടുത്തതാണ്.
ഓട്ടമൊബീൽ വിഭാഗം മേധാവിയും കോളജ് പ്രിൻസിപ്പലുമായ ബിജു ജോർജ്, ഫിലിപ് ജെ. നടയ്ക്കൽ, വി.പി. പ്രസാദ് എന്നിവർ ഉൾപ്പെടുന്ന അധ്യാപക സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. ഡാനി തോമസ്, ജോയൽ വർഗീസ്, ഡിനോ എം. ജോൺ, എ.എസ്. അമൽ, അഭിജിത്ത് ലാൽ, ജെറിൻ അനിയൻ, വിഷ്ണു ദയാനന്ദൻ, റെനി ഫിലിപ്, ബി. വിഘ്നേശ്, അജീഷ് രാമകൃഷ്ണൻ, അമൽ ഷാജി എന്നീ വിദ്യാർഥികളാണ് പ്രവർത്തനങ്ങൾക്കു മുൻനിരയിൽ ഉണ്ടായിരുന്നത്.