കൊച്ചി • ‘കോൺഗ്രസ്സിൽനിന്നു പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെ’ എന്ന പരസ്യ വെല്ലുവിളിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസ്. തൃക്കാക്കരയിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥി ഡോക്ടർ ജോ ജോസഫിനു വേണ്ടി സ്വന്തം തിരഞ്ഞെടുപ്പിന് ഇറങ്ങിയതുപോലെ പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ.വി. തോമസ് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നടത്തുന്ന ഇടതു മുന്നണി പ്രചാരണ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലും തുടർന്നുള്ള ദിവസങ്ങളിൽ പ്രചാരണ പരിപാടികളിലും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് കെ.വി. തോമസ് നിലപാടു വ്യക്തമാക്കിയത്.
‘‘കണ്ണൂരിന്റെ മണ്ണിൽ കാലു ചവിട്ടിയാൽ അപ്പോൾ പാർട്ടിയിൽ നിന്നു പുറത്താക്കുമെന്നു പറഞ്ഞു, എന്നിട്ടു നടന്നോ?’’ എന്ന് അദ്ദേഹം ചോദിച്ചു. ‘‘കെപിസിസി ഐഐസിസിക്കു നൽകിയ പരാതിയുടെ കോപ്പി എഐസിസി അച്ചടക്ക സമിതി അയച്ചു തന്നിരുന്നു. എ.കെ. ആന്റണി ചെയർമാനായ കമ്മിറ്റിക്കാണു മറുപടി നൽകിയത്. അവരുടെ ശുപാർശ കോൺഗ്രസ് പ്രസിഡന്റിനു ചെന്നു. പ്രസിഡന്റു പറഞ്ഞതു ഞാൻ എഐസിസി മെമ്പറാണ് കെപിസിസി മെമ്പറാണ് എന്നാണ്. അതിനു ശേഷം അംഗത്വം പുതുക്കി നൽകി. ചേർത്ത 500 പേർക്കും മെമ്പർഷിപ് പുതുക്കി നൽകിയിട്ടുണ്ട്. അതാണ് കോൺഗ്രസ്. എഐസിസി എടുക്കുന്ന തീരുമാനത്തെ എതിർക്കുന്ന ഇവിടുത്തെ കോൺഗ്രസാണ് കോൺഗ്രസ് വിരുദ്ധമായി പെരുമാറുന്നത്.
‘‘ഞാൻ വളർന്നു വന്ന സാഹചര്യവും ആദർശവുമെല്ലാം കോൺഗ്രസിന്റേതാണ്. ആ കാഴ്ചപ്പാടിനും ജീവിതരീതിക്കും മാറ്റമുണ്ടാകില്ല. ഞാൻ കോൺഗ്രസുകാരനല്ല എന്ന് ആർക്കും പറയാനാവില്ല. അതൊരു ചട്ടക്കൂടു മാത്രമല്ല. അതിന് കാഴ്ചപ്പാടുണ്ട്, ചരിത്രമുണ്ട്. അതു വിട്ട് ഒരു പാർട്ടിയിലും പോവില്ല. എക്കാലവും കോൺഗ്രസുകാരനായിരിക്കും എന്നതിൽ മാറ്റമില്ല’ – കോൺഗ്രസ് വിടുമോ എന്ന ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.
ക്ഷണിക്കാൻ തൃക്കാക്കരയിൽ കല്യാണം നടക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്കും കെ.വി.തോമസ് മറുപടി പറഞ്ഞു. സ്ഥാനാർഥിത്വം ലഭിച്ച അപ്പോൾ തന്നെ ഉമ തന്നെ വിളിച്ചത് കല്യാണമായിട്ടല്ല. ഭാര്യയാണ് ഫോണെടുത്തത്. ഞങ്ങൾ അങ്ങോട്ടു വരാമെന്നു പറഞ്ഞു. പിന്നീട് അറിഞ്ഞത്, ഞാൻ അങ്ങോട്ടും പോകേണ്ട, ഉമ ഇങ്ങോട്ടും വരണ്ട എന്നാണ്. അങ്ങനെ ഒരു സമീപനം എടുത്താൽ ഞാൻ എന്തു ചെയ്യും. ഉമ തന്നെ പത്രക്കാരോടു പറഞ്ഞിരുന്നു മാഷെ കാണാൻ പോകുന്നുണ്ട് എന്ന്. മാഷ് പിതൃതുല്യനാണ്, കുടുംബമാണ് എന്നു പറഞ്ഞ ഉമ തന്നെ പിന്നീടു പറഞ്ഞു പോകാൻ പറ്റില്ലെന്ന്.
കെറെയിൽ എന്ന പേരു മാറ്റി വച്ചാൽ നമുക്ക് എക്സ്പ്രസ് ഹൈവേകളുണ്ടാകണം, എക്സ്പ്രസ് റെയിലുണ്ടാകണം. എക്സ്പ്രസ് റെയിൽവേ പദ്ധതി കൊണ്ടുവന്നത് രാജീവ് ഗാന്ധിയാണ്. ആ ക്രെഡിറ്റ് കോൺഗ്രസ് എടുക്കണമെന്നും കെ.വി. തോമസ് പറഞ്ഞു.